Apply to be a Chitika Publisher!

Friday, 4 January 2013

നമ്മള്‍ പരിധിക്ക് പുറത്താണ്

ആരും ആരെയും ബലാല്‍സംഗം ചെയ്യരുത് എന്ന പാഠത്തിന് അടിവരയിട്ട് ദില്ലി റേപ് എന്ന ബോറന്‍ വിഷയത്തില്‍ നിന്നു നമ്മള്‍ പുതിയ വിവാദങ്ങളുടെ പിറകേ കൂടിക്കഴിഞ്ഞു. കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചാല്‍ അന്നത്തെ ആഘോഷം കൂടി കഴിഞ്ഞ് രാജ്യത്തെ ക്ഷുഭിതയൗവ്വനം വിഷയം വിടും. പക്ഷെ, ആ പെണ്‍കുട്ടിയുടെ മരണത്തില്‍ മെഴുകുതിരി കത്തിച്ചു കണ്ണീരൊഴുക്കാന്‍ പോയ പുണ്യാളന്‍മാരുള്‍പ്പെടെയുള്ള നമ്മുടെ പ്രതിനിധികളും ആ മരണത്തിന് ഉത്തരവാദികളാണെന്ന പുതിയ വിവരങ്ങളില്‍ നിന്ന് നമ്മള്‍ ഏതാനും പാഠങ്ങള്‍ കൂടി പഠിക്കേണ്ടതുണ്ട്.

അന്ന് പെണ്‍കുട്ടിയോടൊപ്പം ബസ്സിലുണ്ടായിരുന്ന സുഹൃത്ത് സീ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന്‍റെ പൊയ്മുഖമാണ് തുറന്നു കാണിക്കുന്നത്.സീ ടിവി അഭിമുഖത്തില്‍ പ്രധാനമായും ആ ചെറുപ്പക്കാരന്‍ പറയുന്നത് ബസ്സില്‍ വച്ച് കാമദ്രോഹികള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും കൊലപാതകശ്രമത്തില്‍ നിന്നു രക്ഷപെട്ട അവരെ രക്ഷിക്കുന്നതിനു പകരം പൊലീസുകാര്‍ വന്ന് സ്റ്റേഷന്‍ അതിര്‍ത്തിയെപ്പറ്റി തര്‍ക്കിച്ചു സമയം കളഞ്ഞതിനെപ്പറ്റിയുമാണ്. ബലാല്‍സംഗികള്‍ക്കു വധശിക്ഷ എന്നതുപോലെ അതിര്‍ത്തിബോധമുള്ള 10 രൂപ പോലീസിന് സസ്‍പെന്‍ഷനോ സ്ഥലംമാറ്റമോ ഒക്കെ നല്‍കി ഷീലാ മാഡം പ്രശ്നം പരിഹരിക്കും. എന്നാല്‍, ചോരയില്‍ കുളിച്ച് നഗ്നരായി കിടക്കുന്ന അവരെ എത്തിനോക്കി കമന്‍റടിച്ച് കടന്നുപോയ ദില്ലിയിലെ പ്രബുദ്ധസമൂഹത്തിന്‍റെ നിസ്സംഗതയ്‍ക്ക് എന്തു ശിക്ഷയാണ് നല്‍കുക ? .

ദില്ലിക്കാര്‍ അല്ലെങ്കിലും മനസാക്ഷിയില്ലാത്തവരാണെന്നു പറഞ്ഞതുകൊണ്ട് നമ്മള്‍ നല്ലവാരാവുകയില്ല. കേരളത്തിലായിരുന്നെങ്കില്‍ അവരുടെ വിഡിയോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത്, അതിന്‍റെ ലിങ്ക് ഫേസ്‍ബുക്കിലിട്ട് നമ്മള്‍ വിലസിയേനെ. ദില്ലി പെണ്‍കുട്ടിയെന്ന പേരില്‍ മറ്റൊരു ‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ആക്ടിവിസ്റ്റ് ഞരമ്പുകളും ബസിലെ റേപിസ്റ്റുകളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.

സീ ടിവി അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്ന കാര്യങ്ങളില്‍ ബസ്സിലെ അക്രമത്തിന്‍റെ വിശദാംശങ്ങള്‍ക്കാണ് പ്രാധാന്യം. അക്രമികള്‍ നഗ്നരാക്കി വലിച്ചെറിഞ്ഞ അവരെ നോക്കി തലകുലുക്കി കടന്നുപോയവരില്‍ 10 പേരെങ്കിലും അടുത്ത ദിവസം മെഴുകുതിരിയുമായി പ്രതിഷേധനാടകത്തിനു പോയിട്ടുണ്ടാവില്ലേ ? ഞാനായിരുന്നെങ്കില്‍ വണ്ടി നിര്‍ത്തി അവരെ അതില്‍ കയറ്റി ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചേനെ എന്നിപ്പോള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍, നമ്മളും അതൊന്നും ചെയ്യില്ല. സ്വസ്ഥമായി വീട്ടില്‍പോകുന്നതിനിടെ കാറിന്‍റെ സീറ്റില്‍ വെറുതെ ചോര പറ്റിക്കാന്‍ ആരും ആഗ്രഹിക്കില്ല. കൗതുകത്തോടെ അവളുടെ നഗ്നത എത്തി നോക്കി പോയവര്‍ ഷി ഈസ് മൈ സിസ്റ്റര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുമായി പ്രതിഷേധത്തിനും വന്നിട്ടുണ്ടാവണം. നമ്മളെല്ലാവരും അങ്ങനെയാണ്.

ബസിലെ റേപിസ്റ്റുകള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി എന്ന സങ്കല്‍പം തിരുത്തിയെഴുതാം. അതുവഴി കടന്നുപോയ നമ്മളെപ്പോലുള്ളവര്‍ അതിനുത്തരവാദികളാണ്. വിളിച്ച് 45 മിനിറ്റിനു ശേഷം എത്തിയ മൂന്നു വണ്ടി പൊലീസുകാര്‍ ഉത്തരവാദികളാണ്. ഏത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് അവര്‍ കിടക്കുന്നത് എന്ന കാര്യത്തില്‍ അമേധ്യസേന അര മണിക്കൂര്‍ തര്‍ക്കിച്ചു നിന്നത് രാജ്യതലസ്ഥാനത്താണെന്നു പറയുമ്പോള്‍ നമുക്കൊക്കെ ഭീതിയുടെ, വെറുപ്പിന്‍റെ രോമാഞ്ചമുണ്ടാകും. അവള്‍ക്കു നഗ്നത മറയ്‍ക്കാന്‍ ഒരു കീറ്റത്തുണി കൊടുത്തതും പൊലീസല്ല. ഒടുവില്‍ അതിര്‍ത്തി തര്‍ക്കം തീര്‍ത്ത് അവരെ കൊണ്ടുപോയതോ വളരെ ദൂരയുള്ള ആശുപത്രിയിലേക്ക്. അവളെ നശിപ്പിച്ചത് ബസിലുള്ളവരാണെങ്കില്‍ കൊന്നത് നമ്മളാണ്.

അവള്‍ മരിച്ചത് നന്നായി എന്ന അര്‍ത്ഥത്തില്‍ ആ ദിവസങ്ങളില്‍ പലരും പറഞ്ഞിരുന്നു. അവള്‍ മരിച്ചത് ഒരര്‍ഥത്തിലും നന്നായില്ല എന്നാണ് എന്‍റെ അഭിപ്രായം. റേപ് ചെയ്യപ്പെട്ടവള്‍ മരിക്കേണ്ടവളാണെന്ന പ്രാകൃതധാര്‍മികബോധമാണ് മറ്റു ന്യായങ്ങളുടെ സ്വരത്തില്‍ പലരെക്കൊണ്ടും ഇത് പറയിക്കുന്നത്. എനിക്കു ജീവിക്കണം എന്നു പറഞ്ഞ് മരണത്തിലേക്കു പോയ അവളോടു സഹതപിക്കുകയും അവളെ ധീരവനിതയെന്നു വിശേഷിപ്പിക്കുകയും മെഴുതിരിയുമായി തെരുവിലേക്കിറങ്ങുകയും ചെയ്യുമ്പോള്‍ മറക്കരുത്, ആ കൊലക്കേസില്‍ നമുക്കും പങ്കുണ്ടെന്ന്.

മേല്‍പ്പറഞ്ഞ അഭിമുഖം സംപ്രേഷണം ചെയ്ത് ദില്ലി പൊലീസിന്‍റെ ആത്മവീര്യം തകര്‍ത്ത സീ ന്യൂസിനെതിരെ കര്‍മനിരതരായ പൊലീസുകാര്‍ കേസെടുത്തിട്ടുണ്ട്. റേപിനിരയായ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അഭിമുഖത്തിലൂടെ നല്‍കിയതിന് ഐപിസി 228-എ പ്രകാരമാണ് കേസ്. അഭിമുഖം കൊടുത്ത അവളുടെ സുഹൃത്തിനെതിരെയാവും അടുത്ത കേസ്. സ്റ്റേഷന്‍ പരിധിക്കു പുറത്താണെങ്കില്‍ അവനു കൊള്ളാം.

സീ ന്യൂസ് അഭിമുഖം ഇവിടെ കാണാം.

Wednesday, 2 January 2013

ക്വട്ടേഷന്‍ നോട്ടീസ്

അടുത്തു തന്നെ മധ്യകേരളത്തില്‍ തുടങ്ങാനിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് വിവിധ ആശുപത്രി ഉപകരണങ്ങള്‍ക്കുള്ള ക്വട്ടേഷനും വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷയും ക്ഷണിക്കുന്നു. അര്‍ഹരായവര്‍,മുന്‍കൂട്ടി അറിയിച്ച ശേഷം ഇന്റര്‍വ്യൂവിനു തയ്യാറായി വരിക.ഇഷ്ടപ്പെട്ടാല്‍ നിന്ന നില്‍പ്പില്‍ അപ്പോയ്ന്റ് ചെയ്യുന്നതായിരിക്കും. അതുപോലെ തന്നെ,ആശുപത്രിയിലേക്ക് ആവശ്യമായ വസ്തുക്കള്‍ക്കും ഉന്നത നിലവാരവും കുറഞ്ഞ വിലയുമുള്ളയ്‍ക്കായിരിക്കും പരിഗണന.

ആശുപത്രി നടത്തിപ്പിനാവശ്യമായ സാമഗ്രികള്‍

1. മരുന്ന് (വിവിധ തരം)- മൂന്ന് ടണ്‍
2. സിറിഞ്ച് ഒടിയാത്തത്- 2 ലക്ഷം
3. ഗ്ലൗസ് (നല്ല കനമുള്ളത്)- 1 ടണ്‍
4. വെളുത്ത കോട്ട് (ലാര്‍ജ്)- 10000
5. ഓപ്പറേഷന്‍ തിയറ്റര്‍ കത്തി- 1000
6. സൈക്കിള്‍ ചെയിന്‍ (ഉരുക്ക്)- 1000
7. ഇടിക്കട്ട (5 കിലോയുടേത്)- 500
8. വടിവാള്‍ (ഇരുമ്പാണിയുള്ളത്)-500
9. കൊടുവാള്‍ (പച്ചിരുമ്പിലുള്ളത്)- 250
10.നായ്ക്കുരണപ്പൊടി (നൈസ്)- 2 ടണ്‍

ആശുപത്രിയിലേക്ക് അടിയന്തരമായി ആളുകളെ ആവശ്യമുള്ള വിവിധ ഒഴിവുകളും ശമ്പളസ്‍കെയിലും.

1.ഡോക്ടര്‍മാര്‍ (40000-100000)- 50 പേര്‍
2.നഴ്‍സുമാര്‍ (1000-2000)- 500 പേര്‍
3.സെക്യൂരിറ്റി (5000-10000)- 20 പേര്‍
4.ഗുണ്ടകള്‍ (20000-40000)- 50 പേര്‍
5.കൂലിത്തല്ലുകാര്‍ (10000-20000)-50 പേര്‍
6.ചട്ടമ്പികള്‍ (7000-15000)- 50 പേര്‍
7.പിആര്‍ഒ (30000-60000)- 10 പേര്‍
8.കരാട്ടേക്കാര്‍( 20000-2500)-10 പേര്‍
9.ഇറച്ചിവെട്ടുകാര്‍ (10000-30000)- 10 പേര്‍
10.എച്ച്ആര്‍ മാനേജര്‍ (എന്തിനധികം)-1 എണ്ണം

ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിചയമോ അനുഭവമോ ആവശ്യമില്ല.കൂടുതല്‍ രോഗികളെ ആകര്‍ഷിക്കാന്‍ തക്ക കഴിവും അറിവുമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കഴിയുന്നവരായിരിക്കണം. രോഗികളുടെ എണ്ണത്തിന്റെയും ഓരോ ഡോക്ടറിലൂടെയും പാരാ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെയും അടിസ്ഥാനത്തിലാവും ഡോക്ടറുടെ ശമ്പളവും അനൂകല്യങ്ങളും നിര്ണയിക്കുന്നത്. ജലദോഷുവുമായി വരുന്നവന് കീമോതെറാപ്പി ചെയ്യുന്ന തരം ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. രതിവൈകൃതങ്ങളോ മനോരോഗമോ ഡോക്ടര്‍മാര്‍ക്ക് ഒരലങ്കാരമായി കണക്കാക്കുന്നതായിരിക്കും.

നഴ്‍സുമാര്‍ക്ക് എത്ര പരിചയവും അറിവും കഴിവുമുണ്ടെങ്കിലും അത് പരിഗണിക്കുന്നതല്ല. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എസ്എസ്എല്‍സി ബുക്ക് മുതല്‍ റേഷന്‍ കാര്‍ഡ് വരെയുള്ള സര്‍ട്ടിഫിക്കറ്റുകളും അച്ഛന്റെ പേരിലുള്ള ഭൂമിയുടെ ആധാരവും മാനേജ്മെന്റിനെ ഏല്‍പിക്കേണ്ടതാണ്. ആതുരശുശ്രൂഷയില്‍ മനസ്സ് ഉറച്ചുനില്‍ക്കുന്നതിനാണ് ഇത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ജോലി ചെയ്യേണ്ടതായി വരുമെങ്കിലും അടിയന്തരഘട്ടങ്ങളില്‍ ആഴ്ചയില്‍ എട്ടു ദിവസവും 25 മണിക്കൂര്‍ വീതം ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ഉറക്കം, ഭക്ഷണം, ശമ്പളം, സ്വാതന്ത്ര്യം, ആത്മാഭിമാനം തുടങ്ങിയ ബാലിശമായ കാര്യങ്ങള്‍ക്ക് വേണ്ടി ലോറന്‍സ് നോട്ടിങ്മൈല്‍ കാഴ്ചവച്ച ആശയങ്ങളെ ബലി കഴിക്കരുത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏതു നിമിഷവും ജോലിയില്‍ നിന്നു പിരിഞ്ഞുപോവാന്‍ തയ്യാറായിരിക്കണം.

4,5,6,8,9 പോസ്റ്റകളിലേക്ക് അപേക്ഷിക്കുന്നവരും ഡോക്ടര്‍മാരെപ്പോലെ ചോര കണ്ടാല്‍ പേടിക്കുന്നവരാകരുത്.മാസത്തില്‍ കുറഞ്ഞത് നാലു തലവെട്ടെങ്കിലുമുള്ള ഏതെങ്കിലും ക്വട്ടേഷന്‍ സംഘത്തില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്ത് പരിചയമുള്ളവരാകണം.എന്നാല്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരോ ഏതെങ്കിലും കേസില്‍ അറസ്റ്റിലായിട്ടുള്ളവരോ അപേക്ഷിക്കേണ്ടതില്ല.ഡോക്ടര്‍,ഡ്യൂട്ടി റൂം, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങി ആശുപത്രിയിലെ വിവിധ ബോര്‍ഡുകള്‍ വായിക്കാനുള്ള വിദ്യാഭ്യാസമുണ്ടാവണം.ഡോക്ടര്‍മാര്‍ കത്തിയും കത്രികയുമൊക്കെ രോഗിയുടെ വയറ്റിനുള്ളില്‍ വച്ചു മറക്കുന്നതുപോലെ ഇടിക്കട്ടയും കൊടുവാളുമൊക്കെ ഡ്യൂട്ടിറൂമിലും മറ്റും വച്ചു മറക്കാന്‍ പാടില്ല. കാഴ്ചയില്‍ സുന്ദരാന്മാവണം എന്നില്ലെങ്കിലും ഒറ്റനനോട്ടത്തില്‍ ഗുണ്ടകളാണെന്നു തോന്നരുത്. ഒറ്റയടിക്ക് തല 36 കഷണമാക്കുന്നവര്‍ക്കും മുട്ടുചിരട്ട കുറഞ്ഞത് നാലു കഷണമാക്കുന്നവര്‍ക്കും മുന്‍ഗണന.

പ്രായപരിധി- നഴ്‍സുമാര്‍ക്ക് 20-30. മറ്റുള്ളവര്‍ക്ക് ഒരു പരിധിയും ഇല്ല.

ചൈനാചര്‍മം ! (ആണുങ്ങള്‍ വായിക്കരുത്)

ചോര കൊടുത്തും നീര് (കണ്ണീരാണ് ഉദ്ദേശിക്കുന്നത്) കൊടുത്തും ലോകത്ത് സ്ത്രീകള്‍ തങ്ങളുടെ ഒരു ശുഷ്കാന്തി ഒന്നു കൊണ്ടു മാത്രം നിലനിര്‍ത്തിപ്പോകുന്ന പ്രസ്ഥാനമാണ് കുടുംബം. ചോര എന്നു പറയുമ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. എത്ര പുരോഗമനക്കാരന്‍ ആണെന്നു പറഞ്ഞാലും ശരി ഫസ്റ്റ് നൈറ്റില്‍ മേല്‍പ്പറഞ്ഞ ചോര കണ്ടില്ലെങ്കില്‍ ദാമ്പത്യത്തിന്‍റെ അടിത്തറയിലെ ഒരു കല്ല് ഇളകി വീഴും.

അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. നമ്മള്‍ കടയില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്തുമാവട്ടെ അതിന്‍റെ കവറിന്‍റെ പുറത്ത് പ്ലാസ്റ്റിക്കിന്‍റെ ഒരു നേര്‍ത്ത ആവരണമുണ്ടാകും. കവര്‍ തുറന്നിട്ടില്ലെങ്കില്‍ പോലും ഈ ആവരണത്തിനും കേടു വന്നിട്ടില്ല എന്നുറപ്പു വരുത്തിയിട്ടേ മിക്കവാറും ആളുകള്‍ സാധനം വാങ്ങൂ. എന്താണെന്നു വച്ചാല്‍, താന്‍ വാങ്ങുന്ന സാധനം ഭയങ്കര ഫ്രഷ് ആണല്ലോ എന്നൊരു നിര്‍വൃതി. സാധനം വീട്ടില്‍ കൊണ്ടുപോയി അലമാരിയില്‍ പൂട്ടി വയ്‍ക്കാനാണെങ്കിലും ആവരണം വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് മിക്കവാറും ആളുകളും.

ഏതാണ്ട് സമാനമായ ഒരു മനശ്സ്ത്രമാണ് ഫസ്റ്റ് നൈറ്റിലെ ബ്ലഡി ഇടപാടിലും അടങ്ങിയിരിക്കുന്നത്. തന്‍റെ വധു ലോകത്ത് ആദ്യമായി ഒരു മീറ്ററെങ്കിലും അടുത്തു കാണുന്ന പുരുഷന്‍ താനാണെന്ന് വിശ്വസിക്കാനാണ് സകല ഭര്‍ത്താക്കന്‍മാര്‍ക്കും താല്‍പര്യം. അപ്പോള്‍ ചോര വീണില്ലെങ്കില്‍ സംഗതി പ്രശ്നമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഫസ്റ്റ് നൈറ്റില്‍ ചോര വീഴാത്തതുകൊണ്ടു മാത്രം പൊലിഞ്ഞുപോയ വിവാഹങ്ങള്‍ നൂറു കണക്കിനുണ്ട് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആ ഒറ്റക്കാരണം കൊണ്ടു മാത്രം അനേകം ദാമ്പത്യങ്ങളില്‍ കരിനിഴല്‍ വീണിട്ടുണ്ട് എന്നു പറയുമ്പോള്‍ ഇതൊരു സില്ലി ഇഷ്യു അല്ല എന്നും മനസ്സിലാവും. ഇക്കാരണം കൊണ്ട് പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള, ഇപ്പോള്‍ കുടിപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷ കേസരികളോട് ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുമാറാകട്ടെ.അവര്‍ക്ക് നല്ലൊരു ജീവിതം സാധിക്കുന്നതിന് എല്ലാ വഴികളും തുറന്നു കിട്ടുമാറാകട്ടെ.

ഇന്നത്തെ കാലത്ത് ഇതൊരു വിഷയമേയല്ല എന്നാണ് പറയാറുള്ളത്. ഒരു ഓപ്പറേഷന്‍ കൊണ്ട് വച്ചുപിടിപ്പിക്കാവുന്നതൊക്കേയേ ഉള്ളൂ ഇത് എന്ന് എല്ലാവര്‍ക്കും അറിയാം. അടിച്ചുപൊളി കഴിഞ്ഞ് മിന്നുകെട്ടിന്‍റെ തലേന്ന് ഈ സാധനം ഓപ്പറേഷന്‍ വഴി വച്ചുപിടിപ്പിക്കുന്നവരും കുറവല്ല എന്നതും സത്യമാണ്. എന്നാല്‍, എത്ര പേര്‍ ഓപ്പറേഷനൊക്കെ നടത്താന്‍ തയ്യാറാവും അല്ലെങ്കില്‍ മിനക്കെടും.ഓപ്പറേഷന്‍ എന്ന വാക്കും കന്യകാത്വം എന്ന വാക്കുപോലെ ഗുരുതരമാണ്.

അത്തരക്കാര്‍ക്കും വേണ്ടി ഒരു പുതിയ സാധനം വിപണിയിലെത്തിയിരിക്കുന്നു. ചോര കണ്ടാലേ അടങ്ങൂ എന്നു വാശിയുള്ള നവവരന്‍മാരുടെ മണിയറക്കട്ടിലിനെ രക്തപങ്കിലമാക്കി മധുപ്രതികാരം വീട്ടുന്നതിന് ആഗോളകന്യകമാര്‍ക്ക് ഒരുഗ്രന്‍ സമ്മാനം-കൃത്രിമ കന്യാചര്‍മം ! (ഏതു പുതിയ ഗാഡ്ജറ്റ് അവതരിപ്പിച്ചാലും. ഹും! ഇതാണോ അത്ര വലിയ കാര്യം ഞാനിതു 10 വര്‍ഷമായി ഉപയോഗിക്കുന്നു, പുതിയതു വല്ലതും പറയെടേ- എന്നു പറയാറുള്ള മല്ലൂസ് ഈ ഗാഡ്ജറ്റിന്‍റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നറിയാന്‍ താല്‍പര്യമുണ്ട്. ഹല്ല പിന്നെ !)

ഓപ്പറേഷന്‍ പോലെ ദുര്‍ഘടമായി ഒന്നും ഇതിലില്ല. അല്ലെങ്കിലും എന്തിന് ഓപ്പറേഷന്‍ ? തല്ലിപ്പൊട്ടിക്കാന്‍ വേണ്ടി ആരെങ്കിലും ചില്ലുകൂടാരം പണിയാറുണ്ടോ ? അതാണ് പറഞ്ഞത്, ഒക്കെ ഒരു തോന്നലാണ്. അതുകൊണ്ട് ഒറിജിനലാണെന്നു തോന്നിക്കുന്ന സംഗതിയാണ് വേണ്ടത്. അതു തന്നെയാണിതും. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈനക്കാര്‍ തന്നെയാണ് പരിശുദ്ധ കന്യാചര്‍മത്തിനും ഒറിജനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കണ്ടുപിടിച്ചിരിക്കുന്നത്.

ഗിജിമോ കമ്പനിയുടെ ഈ ഉല്‍കൃഷ്ഠമായ ഉല്‍പന്നത്തിന് വെറും 30 ഡോളര്‍ (1400 രൂപ) ആണു വില. വിവാഹത്തിന് ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്നതിന്‍റെ മൂന്നിലൊന്നേ ആകൂ. സംഗതി വാങ്ങി ഫസ്റ്റ് നൈറ്റിനു കുറച്ചു മുമ്പ് ഫിറ്റ് ചെയ്താല്‍ ചേട്ടായി ആക്രമിക്കുമ്പോള്‍ ചോര (അതും ഡ്യൂപ്ലിക്കേറ്റ്)ചിന്തി സംഭവം മംഗളമാക്കും. എന്നാ ഒക്കെ പറഞ്ഞാലും ഈ ചൈനക്കാരെ സമ്മതിക്കണം അല്ലേ ?

ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഈ സാധനം കുന്നംകുളത്തു പോലും കിട്ടുമെന്നു തോന്നുന്നില്ല. സംഗതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തും. പറയുമ്പോള്‍ എളുപ്പം കഴിഞ്ഞു. കല്യാണത്തലേന്ന് വീട്ടിലെത്തുന്ന പായ്‍ക്കറ്റ് ആരു പൊട്ടിച്ചു നോക്കുമെന്നു പറയാന്‍ പറ്റില്ല. സാധനം ഇതാണെന്നു മനസ്സിലായാല്‍ നവവധു കന്യകയല്ലെന്ന് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞെന്നിരിക്കും. അതുകൊണ്ട് ചൈനീസ് ബുദ്ധിയില്‍ ഇതോടൊപ്പം നാലര ഡോളറിന് ഒരു കൊച്ചു ടെഡി ബിയറിനെക്കൂടി വില്‍ക്കുന്നുണ്ട്. കരടിയുടെ ഉള്ളിലൊളിപ്പിച്ച് സാധനം മണിയറ വരെയെത്തിക്കാം. കരടി കന്യകയാണോ എന്നാരു പരിശോധിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ആ ബുദ്ധി ഫലിക്കും.

വേഷം കണ്ടാല്‍ കാമം തോന്നുകയേയില്ലേ ?

സത്യത്തില്‍ ബലാല്‍സംഗവും ഇരയുടെ വസ്ത്രധാരണവും തമ്മില്‍
ബന്ധമുണ്ടോ ? ഉണ്ട് എന്നു ചിലരും ഇല്ല എന്നു മറ്റു ചിലരും വാദിക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും വാക്കുകളുടെ മൂര്‍ച്ചയളന്ന് എവിടെയും എത്തിച്ചേരാതിരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെയൊക്കെ വീട്ടിലെ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളോട് രണ്ടുവാക്ക് പറയാനെങ്കിലും ഒരു അഭിപ്രായം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തില്‍ എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് ഇതാണ്- സ്ത്രീയുടെ വസ്ത്രമോ വസ്ത്രധാരണശൈലിയോ ഒരു പുരുഷന് ബലാല്‍സംഗത്തിനു പ്രചോദനമാകില്ല. ബലാല്‍സംഗം ചെയ്യുന്ന പുരുഷനെ സ്വന്തം അഭിരുചികളുമായി കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് അത്തരത്തില്‍ ഒരു ധാരണ ഉണ്ടാവുന്നത് എന്നു തോന്നുന്നു. ബലാല്‍സംഗം ചെയ്യുന്നവനെ ഉണര്‍ത്തുന്നത് സ്ത്രീയുടെ വസ്ത്രധാരണമാണെന്നു പറയുന്നത് അത്തരം ക്രമിനലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനു തുല്യമാണ്. കാരണം, വേഷവിധാനത്തില്‍ ആകൃഷ്ടനായി റേപിനു മുതിരാന്‍, സൗന്ദര്യബോധം പോയിട്ട് ബോധം പോലുമുള്ളവരല്ല ഇവറ്റകള്‍,. അവരെ നയിക്കുന്നത് വൈകൃതങ്ങള്‍ നിറഞ്ഞ ചിന്തകളും മദ്യവും മയക്കുമരുന്നുമൊക്കെയാണ്. ചാടിവീഴാന്‍ പാകത്തില്‍ കിട്ടുന്ന ഏത് ഇരയും അവന് ഒരുപോലെയാണ്. ധരിക്കുന്നത് ബിക്കിനിയായാലും പര്‍ദ്ദയായാലും ശരി.

അപ്പോള്‍ ചോദിക്കും പര്‍ദ ധരിച്ച എത്ര സ്ത്രീകള്‍ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന്. ആക്രമണത്തിനിരയാകാന്‍ തക്കവിധം റിസ്കിയായ സാഹചര്യങ്ങളിലൂടെ പര്‍ദ ധരിക്കുന്ന സ്ത്രീറോഡുകള്‍കള്‍ അധികം സഞ്ചരിക്കാറില്ല എന്നതാണ് ഒരു കാരണം. മറ്റൊന്ന് ഓരോ വേഷവും കാഴ്ചക്കാരോടു സംവദിക്കുന്ന കാര്യങ്ങളാണ്. പര്‍ദ ധരിച്ചവളുടെ അടുത്തു ചെന്നുപദ്രവിച്ചാല്‍ കുഴപ്പമുണ്ടാകുമെന്നും ടൈറ്റ് ടീഷര്‍ട്ടും കുട്ടിപ്പാവാടയുമിട്ടവളോട് ധൈര്യമായി രണ്ട് കമന്‍റ് പറയാമെന്നും കാഴ്ചക്കാരനു തോന്നാന്‍ എന്താണ് കാരണം ? അത് അവരുടെ വേഷത്തിന്‍റെ പ്രത്യേകതയാണ്. അപ്പോ ചോദിക്കും വിദേശത്ത് മദാമ്മമാരെ ആരും കമന്‍റടിക്കുന്നില്ലല്ലോ എന്ന്.വിദേശത്തെ സാമൂഹിക-സാംസ്കാരിക അന്തരീക്ഷമോ വിദ്യാഭ്യാസ-ബൗദ്ധിക-വൈകാരിക നിലവാരമോ അല്ല ഇന്ത്യയിലേത് എന്നത് വിട്ടുകളഞ്ഞുകൊണ്ടുള്ള എല്ലാ വിശകലനങ്ങളും അടിസ്ഥാനരഹിതമാണ്.

ഒരുദാഹരണം പറയാം. വിനോദസഞ്ചാരത്തിനെത്തുന്ന മദാമ്മ ബീച്ചില്‍ സണ്‍ബാത്ത് നടത്തിയാല്‍ കാണാന്‍ എത്രയാളുണ്ടാവും ? പക്ഷെ, അപ്പുറത്തെ വീട്ടിലെ സുമതി കുളിക്കടവില്‍ കുളിക്കുന്നത് കാണാന്‍ പൊന്തക്കാടുകളില്‍ ആളുകള്‍ പതുങ്ങിയിരിക്കുന്നുണ്ടാവും. എന്താണ് ഇതിനു കാരണം ? സുമതിയുടേതേക്കാള്‍ വടിവും നിറവും വലിപ്പവുമുള്ള ശരീരം മദാമ്മയ്‍ക്കുണ്ടെന്നിരിക്കെയാണ് സുമതിക്ക് ഡിമാന്‍ഡ്. നമ്മുടെ മനസ്സും ചിന്തകളം കാഴ്ടപ്പാടുകളും എല്ലാം കണ്ടീഷന്‍ഡ് ആണ് എന്നാണതിനര്‍ഥം. വേഷത്തിന്‍റെ കുഴപ്പമാണ് എന്നല്ല, ഓരോ വേഷത്തെക്കുറിച്ചും നമുക്കുള്ള മുന്‍വിധികളാണ് സമൂഹത്തിന്‍റെ പ്രതികരണത്തിന്‍റെ അടിസ്ഥാനം എന്നാണ് ഉദ്ദേശിച്ചത്.

വളരെ റഫ് ആയി സ്വയം ചോദിച്ചുനോക്കൂ- കവിയൂര്‍ പൊന്നമ്മയെ കാണുമ്പോഴും ഷക്കീലയെ കാണുമ്പോഴും പ്രേക്ഷകര്‍ക്ക് ഒരേ ചിന്തകളാണോ മനസ്സില്‍ വരുന്നത് ? ഇരുവരും സ്ഥിരം ധരിക്കുന്ന വസ്ത്രങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ചില ചിന്തകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് എല്ലാ വേഷവിധാനങ്ങള്‍ക്കും ബാധകമാണ്. അവളുടെ വേഷം കണ്ടാലറിയില്ലേ പോക്കു കേസാണെന്ന്- എന്ന കമന്‍റ് പലരൂപത്തിലും പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവര്‍ ഇപ്പോള്‍ ഇത് വായിക്കുന്നുണ്ടാവും. ഏത് വേഷം ധരിച്ചാലും സ്ത്രീ എനിക്ക് അമ്മയാണ്, ദേവിയാണ് എന്നു പറയുന്നവര്‍ തങ്ങള്‍ മാന്യന്‍മാരാണ് എന്നു സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. എല്ലാ പുരുഷന്‍മാരെയും ഷണ്ഡീകരിക്കുന്നതോടെയോ എല്ലാ സ്ത്രീകളും പര്‍ദ ധരിക്കുന്നതിലൂടെയോ ലോകം സമത്വസുന്ദരമാകും എന്നു വിശ്വസിക്കുന്നവര്‍ക്ക് മുഴുത്ത വട്ടാണ്.

ആകര്‍ഷകമായി വേഷം ധരിക്കുന്ന സുന്ദരിയായ സ്ത്രീയെ കാണുന്ന ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്ക് ഉന്‍മേഷവും ഉല്‍സാഹവും ചിലര്‍ക്ക് ലൈംഗികോത്തേജനവും ഉണ്ടാകും. ഇത് വലിയൊരു വൈകൃതമാണ് എന്നു ചിലര്‍ വളരെ ആധികാരികമായി പറയുന്നുണ്ട്. പുതിയ വേഷം ധരിച്ചിട്ട് നീയിതില്‍ വളരെ സെക്സിയായിരിക്കുന്നു എന്ന കൂട്ടുകാരിയുടെ കമന്‍റ് മനസ്സിലിട്ടു നുണയുന്ന സ്ത്രീ‍ വസ്ത്രധാരണവും സെക്സ് അപ്പീലും തമ്മിലൊരുബന്ധവുമില്ല എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും തട്ടിപ്പാണ്. ഐറ്റം ഡാന്‍സ് കളിക്കുന്ന സിനിമാനടിമുതല്‍ ശവപ്പെട്ടിയുടെ പരസ്യത്തില്‍ അണ്ടര്‍വെയറിട്ട് പ്രത്യക്ഷപ്പെടുന്ന പരസ്യമോഡല്‍ വരെ താനൊരു ചരക്കാണെന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെയാണ് അത് ചെയ്യുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

മിക്കവാറും എല്ലാ ആണുങ്ങളും സ്ത്രീയെ അവളുടെ ശരീരസാന്നിധ്യം അനുഭവിച്ചുകൊണ്ടു തന്നെയാണ് സമീപിക്കുന്നത്. അത് നിര്‍ഭാഗ്യവശാല്‍ പ്രകൃതിയുടെ ഒരു വിനോദമാണ്. ലൈംഗികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഒരു സമൂഹത്തോട് എന്‍റെ വേഷം എന്‍റെ സ്വാതന്ത്ര്യമാണ് എന്ന് അര്‍ധനഗ്നരായ ഫെമിനിസ്റ്റുകള്‍ പ്രഖ്യാപിക്കുന്നത് കതിരില്‍ വളം വയ്‍ക്കുന്നതുപോലെയാണ്. ന്യൂയോര്‍ക്കിലെയും ടോക്കിയോയിലെയും സ്യൂറിച്ചിലെയും പോലെ , സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിച്ച് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള തരത്തില്‍ യാത്രചെയ്യാനുള്ള സ്വാതന്ത്ര്യമേ നമുക്കുള്ളൂ, നിര്‍ഭാഗ്യവശാല്‍ അതിനുള്ള സാഹചര്യമില്ല. ഞാന്‍ ചെരിപ്പില്ലാതെ നടന്നുവരുമ്പോള്‍ റോഡുകള്‍ മാര്‍ബിള്‍നിലങ്ങള്‍ പോലെ ഭാവിക്കണം എന്നു പറയുന്നതുപോലെയാണ് സമൂഹത്തെ ഒറ്റയടിക്കു നന്നാക്കാനുള്ള പ്രക്ഷോഭങ്ങള്‍. റോഡുകള്‍ മാര്‍ബിളാവുന്നതുവരെ ചെരിപ്പിട്ടു നടക്കാന്‍ തീരുമാനിക്കുന്നതു തന്നെയാണ് ബുദ്ധി. റോഡിലെ കല്ലുകളെ തൂക്കിക്കൊല്ലുന്നതല്ല, അവയെ മിനുസപ്പെടുത്തി മാര്‍ബിളിനു സമമാക്കുന്നതിനു വേണ്ടിയാണ് പ്രക്ഷോഭങ്ങള്‍ നയിക്കേണ്ടത്.