Apply to be a Chitika Publisher!

Tuesday, 30 October 2012

കാമുകന്മാരെ വിശ്വസിക്കരുത്

ഇതിപ്പോ ആരോടാണെന്നു ചോദിച്ചാല്‍ എല്ലാവരോടും കൂടിയാണ്.
കാമുകന്മാരെ വിശ്വസിക്കരുത്
കുറെക്കാലം കാമുകനായിരുന്ന, ഇപ്പോഴും അനേകരുടെ കാമുകനായ ഞാന്‍ തന്നെ ഇതു പറയുമ്പോള്‍ നിങ്ങിത് സീരിയസ്സായി എടുക്കണം. കാരണം, അണ്ടിക്കറപ്പില്ലാത്ത മല്‍ഗോവ മാങ്ങപോലെ നാടന്‍ കാമുകന്മാരുടെ നിലവാരം കുത്തനെ ഇടിഞ്ഞിരിക്കുന്നു. ആണുങ്ങളുടെ വില കളയുന്ന ഏര്‍പ്പാടുകളാണ് നാടെങ്ങും നടക്കുന്നത്. ഇങ്ങനെ പോയാല്‍ പണ്ട് ഞാനും ഒരു കാമുകനായിരുന്നു എന്നു പറയാല്‍ ലജ്ജിക്കേണ്ടി വരുമല്ലോ എന്നു കാലേക്കൂട്ടി പരിതപിക്കാന്‍ ഞ‍ാനാഗ്രഹിക്കുകയാണ്.

ഇന്നലെ കോട്ടയത്ത് ഒരു കല്യാണമണ്ഡപത്തില്‍ കാമുകനെ വിശ്വസിച്ച് ഉദയന്‍-സിബി തിരക്കഥ അപ്പാടെ നടപ്പാക്കിയ പെങ്കുട്ടി ഇപ്പോ ശശിയായി വിട്ടിലിരിക്കുന്നു.മുഖ്യമന്ത്രിയുടെ അയല്‍ക്കാരിയായ നഴ്‍സിങ് വിദ്യാര്‍ഥിനിയാണ് നായിക.രാവിലെ 11 മണിക്ക് കല്യാണമണ്ഡപത്തിലേക്ക് പെണ്ണിനെ ആനയിക്കുമ്പോള്‍ കുട്ടി കരയുന്നുണ്ടായിരുന്നത്രേ. അച്ഛനേം അമ്മേനെ പിരിയാനുള്ള സങ്കടം കൊണ്ട് തേങ്ങുന്നതാവുമെന്നു കരുതി(തേങ്ങയാണ്) ആരും മൈന്‍ഡ് ചെയ്തില്ല.കാര്യങ്ങള്‍ പുരോഗമിച്ചു.അച്ഛന് താലിയെടുത്ത് ചെക്കന്റെ കയ്യില്‍ കൊടുത്തു.താലി പെങ്കൊച്ചിന്റെ കഴുത്തിനോടടുത്തപ്പോള്‍ ഇന്‍ജക്ഷനു തൊട്ടുമുമ്പ് പൊട്ടിക്കരയുന്ന കൊച്ചുകുട്ടിയെപ്പോലെ പെങ്കൊച്ച് അലറി- എനിക്കീ കല്യാണം വേണ്ടാ )))))))))))))))

ചെക്കന്റെ കൈ അതുവരെ വിറച്ചു കാണില്ല. ചെക്കനും സംഘവും ഞെട്ടി,പെങ്കൊച്ചിന്റെ സംഘം ഞെട്ടി,മേളക്കാരും പൂജാരിയും വിഡോഗ്രാഫര്‍മാരും ഞെട്ടി.മോളെന്താ പറഞ്ഞേ എന്നാരോ ചോദിച്ചുവെന്നു തോന്നുന്നു. ഡയലോഗ് ആവര്‍ത്തിച്ചു. എന്തു കൊണ്ട് വേണ്ട എന്നു തുടങ്ങി അവിടെ ഉന്നയിക്കപ്പെട്ട സകല ചോദ്യങ്ങള്‍ക്കും കുട്ടി അതേ ഡയലോഗ് ആവര്‍ത്തിച്ചു. ചെക്കന്റെ വീട്ടുകാര്‍ക്ക് പണി കിട്ടി എന്നു മനസ്സിലായി. മണ്ഡപത്തിലേക്ക് അതിഥികള്‍ തള്ളിക്കയറി, ഉന്തും തള്ളുമായി. അടി പൊട്ടുമെന്നായപ്പോള്‍ നഴ്‍സിനെ ആരോ പിടിച്ച് മണ്ഡപത്തിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു.

വൈകാതെ പോലീസ് വന്നു. അപ്പോള്‍ കാര്യങ്ങള്‍ ഉദയന്‍-സിബി തിരക്കഥ പോലെ തെളിഞ്ഞു. പെങ്കൊച്ചിന് പ്ലസ് ടു മുതല്‍ ഒരു പ്രേമമുണ്ടെന്നും വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ മൊബൈലിലൂടെ ബന്ധം തുടര്‍ന്നുവെന്നും ആറു മാസം മുമ്പ് രണ്ടു പേരും കൂടി റജിസ്റ്റര്‍ ചെയ്തുവെന്നും പെങ്കൊച്ച് പറഞ്ഞപ്പോള്‍ ചെക്കനും പാര്‍ട്ടിയും വണ്ടി സ്റ്റാര്‍ട്ടാക്കി. പൊലീസും പെണ്ണിന്റെ പാര്‍ട്ടിയും സദ്യപ്പാര്‍ട്ടിയും മാത്രം ബാക്കിയായി. പൊലീസുകാര്‍ക്കെന്താ ഈ മണ്ഡപത്തില്‍ കാര്യം എന്നാരും ചോദിച്ചില്ല. പെണ്‍പിള്ളേരുടെ മൊബൈല്‍ വീക്ക്‍നെസ്സായ പോലീസ് നഴ്‍സിന്റെ ഫോണ്‍ വാങ്ങി റജിസ്റ്റേര്‍ഡ് കാമുകനെ വിളിച്ചു, തിരക്കഥ പ്രകാരം മണ്ഡപം ഒഴിഞ്ഞു കിടക്കുന്നു, വന്നു കെട്ടിയിട്ടു പോടാ ഉവ്വേ എന്നു പറഞ്ഞു. ദേ വരുന്നേ എന്നും പറഞ്ഞ് കാമുകന്‍ ഫോണ്‍ വച്ചു.അവനെയൊക്കെ അടിക്കാന്‍ പറ്റിയ വാലുള്ള തെരണ്ടി ഇനിയും ജനിച്ചിട്ടില്ല.

അതുകൊണ്ട് കാമുകന്മാരെ, ഒളിച്ചും പാത്തും പെണ്‍പിള്ളേരോട് ഡയലോഗ് അടിക്കുമ്പോള്‍ അതൊക്കെ അവളുമാര്‍ ഹൃദയത്തിന്റെ ഭിത്തികളില്‍ കുത്തിക്കുറിച്ചു വയ്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അതൊക്കെ പാലിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും മനസ്സിലാക്കുക.സ്നേഹിക്കാന്‍ ഏത് ക്ണാപ്പനും പറ്റും. നാലു പേരുടെ മുന്നില്‍ സെല്‍ഫ് അറ്റസ്റ്റേഷന്‍ നടത്താനുള്ള ആണത്തമില്ലാത്തവനെ വലിച്ചു തലയില്‍ വയ്‍ക്കാതിരിക്കുന്നതാണ് പെണ്ണുങ്ങളുടെ നല്ല ഭാവിക്കു നല്ലത്.

ലാസ്റ്റ് സീനിനു വേണ്ടി പെങ്കൊച്ച് മിനുങ്ങി നിന്നു. കാമുകന്‍ പാഞ്ഞ് വരുന്നു, വാശിക്കാരനായ അച്ഛന്‍ എന്തേലുമാവട്ടെ എന്നു പറയുന്നു,കെട്ടുന്നു, കാലില്‍ വീഴുന്നു, അനുഗ്രഹിക്കുന്നു, കണ്ണീരണിയുന്നു, കോമഡിക്കാരനായ ആരെങ്കിലും എന്തെങ്കിലും വിഡ്ഡിത്തം പറയുന്നു, ആ സീനില്‍ ഫ്രീസ്….

കാമുകന്‍ മണ്ഡപത്തില്‍ രണ്ടു തവണ വന്നുപോകാനുള്ള നേരമായിട്ടും ആളെ കാണുന്നില്ല. പൊലീസ് പിന്നെയും ഡയല്‍ ചെയ്തു. കാമുകന്‍ സ്വിച്ച് ഓഫ്. നേരം കുറെക്കൂടി കഴിഞ്ഞിട്ടും അവന്റെ സ്വിച്ച് ഓണായതേയില്ല.അവസാനത്തെ സീന്‍ ഉദയന്‍-സിബി ലൈനിലേക്കുയര്‍ന്നില്ല എന്നു മാത്രമല്ല, രാംഗോപാല്‍ വര്‍മയുടെ ലൈനിലേക്ക് ട്രാക്ക് മാറ്റുകയും ചെയ്തു. കെട്ട് നടത്തിയിട്ടു പോകാമെന്നു കരുതിയ പൊലീസിനു പണിയായി. കാമുകന്‍ വരാത്ത സ്ഥിതിത്ത് നഴ്‍സ് കൊച്ചിനേം കൊണ്ട് ചാച്ചന്‍ വീട്ടിലോട്ടു ചെല്ല് എന്നു പറഞ്ഞ് പൊലീസ് ഇറങ്ങാന്‍ തുടങ്ങുമ്പോ ചാച്ചന്‍ തിലകനായി. ഇങ്ങനെയൊരു മകള്‍ എനിക്കില്ല, എനിക്കിവളെ വേണ്ട തുടങ്ങിയ ഡയലോഗുകള്‍ ആവര്‍ത്തിക്കപ്പെട്ടു. പൊട്ടിക്കരച്ചില്‍, മൂക്കുപിഴിച്ചില്‍(അമ്മച്ചിയായിരുന്നിരിക്കണം),പ്രത്യേകതരം മൗനം,മുങ്ങിയ ഏതോ കാമുകന്റെ ആറാംവാരിയെല്ലിനെന്ന പോലെ ചവിട്ടുന്ന പൊലീസിന്റെ ബൂട്ടിന്റെ ശബ്ദം.

മകളെ ഉപേക്ഷിച്ച് ചാച്ചനും മറ്റും പോയതോടെ പൊലീസില്‍ ചേരാനെന്ന മട്ടില്‍ പ്രതിശ്രുത വധു കാക്കികളോടൊപ്പം നിന്നു. പിന്നെയും കണ്‍ഫ്യൂഷന്‍. ഒടുവില്‍ ചാച്ചന്റെ ഒരു ബന്ധുവിനെ പിടിച്ച് പെങ്കൊച്ചിനെ അദ്ദേഹത്തോടൊപ്പം അയച്ച് എല്ലാം പറഞ്ഞ് സോള്‍വാക്കിക്കോണം,നല്ലോണം പാലും മുട്ടേമൊക്കെ കഴിക്കണം, എന്നൊക്കെ നല്ല കനത്തില്‍ ഉപദേശിച്ച് ടാറ്റായും കൊടുത്ത് പോലീസ് പോയി.

മര്യാദയ്‍ക്കായിരുന്നെങ്കില്‍ മധുവിധു തിളയ്‍ക്കേണ്ട രാത്രിയില്‍ നഴ്‍്സ് ഉറങ്ങിയിട്ടുണ്ടാവുമോ ആവോ. സ്വിച്ച് ഓഫ് ചെയ്തവന്‍ പിന്നെ ഓണ്‍ ചെയ്തോ എന്നതും അറിയില്ല, അല്ല ഇങ്ങനൊരു പണി കൊടുത്തിട്ട് അവനിനി സ്വിച്ച് ഓണ്‍ ചെയ്തിട്ടു വല്ല കാര്യവുമുണ്ടോന്നുള്ളത് വേറെ ചോദ്യം.അവനെ വിശ്വസിച്ച് റിസ്‍കെടുത്ത പെണ്‍കുട്ടി മണ്ടിയാണെന്ന് പലര്‍ക്കും തോന്നും, എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ സ്നേഹിച്ച പുരുഷനു വേണ്ടി (പുരുഷന്‍ എന്നൊരു ഭംഗിക്കു പറഞ്ഞെന്നേയുള്ളൂ)ഇത്രേം റിസ്കെടുത്ത അവള്‍ സ്ത്രീകുലത്തിന്റെ മാനം കാത്തു.

ഇതൊരു ഒറ്റപ്പെട്ട കാമുകനാണെന്നു കരുതരുത്. സമാനമായ സാഹചര്യങ്ങളില്‍ വിവാഹിതയായ വേറൊരു പെണ്‍കുട്ടി ഫസ്ററ് നൈറ്റില്‍ കെട്ടിയോനോട് പ്രേമത്തെ പറ്റി പറയുകയും മനസലിഞ്ഞ കെട്ടിയോന്‍ ഉടനെയൊരു രാഖിയെടുത്ത് അവളുടെ കയ്യില്‍ കെട്ടി അവളെ പെങ്ങളായി പ്രഖ്യാപിക്കുകയും അടുത്ത ദിവസം കാമുകനെ തപ്പിപ്പിടിച്ച് കെട്ടിയവന്‍ തന്നെ കല്യാണ നടത്താന്‍ തുടങ്ങുമ്പോള്‍ കണ്ടവന്റെ കൂടെ ഒരു രാത്രി കഴിഞ്ഞ പെണ്ണിനെ എനിക്കു വേണ്ട എന്നു കാമുകന്‍ പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്.

സ്വപ്നങ്ങളുടെ സിക്സ് പായ്ക്കുമായി മറിയാമ്മയുടെ സ്വന്തം വക്കച്ചന്‍

പ്രിയപ്പെട്ട മറിയാമ്മയ്‍ക്ക്,
സ്വപ്നങ്ങളുടെ സിക്സ് പായ്ക്കുമായി മറിയാമ്മയുടെ സ്വന്തം വക്കച്ചന്‍

കോയമ്പത്തൂര്‍ക്ക് പോവ്വാണെന്നു പറഞ്ഞ് വീടിനു തൊട്ടടുത്ത ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുന്ന തളത്തില്‍ ദിനേശനെപ്പോലെയാണ് നീ. നേരേ ചൊവ്വേ ഒന്നു കാണാനോ മിണ്ടാനോ തൊടാനോ യാതൊരു സാധ്യതയുമില്ലാതെ മനംമടുത്ത് എല്ലാ ബന്ധവും അവസാനിപ്പിച്ച് ടാറ്റാ പറഞ്ഞ്, കൈമാറിയ പ്രേമലേഖനങ്ങളും സമ്മാനങ്ങളും തിരികെ നല്‍കി, ജീവിതപാതയില്‍ എന്നെങ്കിലും എവിടെയെങ്കിലും വച്ചു കണ്ടുമുട്ടുമ്പോള്‍ ഹായ് പറയാം എന്നു പറഞ്ഞു പിരിഞ്ഞതില്‍ പിന്നെ എല്ലാ ദിവസവും നീയെന്‍റെ മുന്നിലൂടെ തേരാപാരാ നടക്കുന്നു.

നമ്മള്‍ പിരിയുന്നതു വരെ പേ ചാനല്‍ പോലെ വിശിഷ്ടമായിരുന്ന നീ അതിന്‍റെ പിറ്റേന്നു മുതല്‍ ഭൂതലസംപ്രേഷണം ആരംഭിച്ചിരിക്കുന്നു. എന്നോടു തന്നെ മിണ്ടാന്‍ ഏറെ പണിപ്പെട്ടിരുന്ന നീ ഇപ്പോള്‍ ഞാനൊഴികെ എല്ലാവരോടും മിണ്ടിത്തകര്‍ക്കുന്നു. മറിയാമ്മേ, എന്താണിതിന്‍റെയൊക്കെ അര്‍ഥം ?

നമ്മള്‍ തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. അത് നാളെയോ മറ്റന്നാളോ അവസാനിക്കില്ലെന്നും നമുക്കുറപ്പായിരുന്നു. എന്നിട്ടും തീര്‍ത്തും അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തില്‍ അതവസാനിപ്പിച്ചു. നയതന്ത്രത്തില്‍ നീ ജയിച്ചു. കാലമെത്ര കഴിഞ്ഞാലും നമ്മുടെ പ്രണയത്തിന്‍റെ കൊച്ചുപുസ്തകമെടുത്തു പരിശോധിച്ചാല്‍ എല്ലാറ്റിനും കാരണം ഞാനാണെന്നടിവരയിടുന്ന സംഭവങ്ങളില്‍ മുറുകെ പിടിച്ച് ഞാനിട്ടുപോയ ഒരു കോമയെ നീ ഫുള്‍സ്റ്റോപ്പാക്കി മാറ്റി.

മുമ്പ് പലവട്ടം ഞാന്‍ പെര്‍മനെന്‍റ് മാര്‍ക്കര്‍ കൊണ്ടടയാളപ്പെടുത്തിയ ഫുള്‍സ്റ്റോപ്പുകള്‍ കോമകളാക്കി മാറ്റി എന്നെ ചന്തുവിനെയെന്നപോലെ തോല്‍പിച്ചുകളഞ്ഞവളാണ് നീ. അവസരോചിതമായി നീയൊരു ഫെമിനിസ്റ്റിനെപ്പോലെ, സ്ത്രീപക്ഷബുദ്ധിജീവിയെപ്പോലെ സ്ത്രീയുടെ അഭിമാനവും ബൗദ്ധികവും വൈകാരികവുമായ സ്വാതന്ത്ര്യവും പ്രഘോഷിച്ച് എന്നെ പുറംകാല്‍കൊണ്ട് തൊഴിച്ചെറിഞ്ഞു. എന്നിട്ടും ഭീരുവായ കാമുകന്‍റെ മനോവൈകല്യങ്ങളാല്‍ പീഡനമനുഭവിച്ചവളെന്ന മട്ടില്‍ നീ എന്നോടു കര്‍ക്കശമായി കാരുണ്യം പ്രകടമാക്കുന്നു. വല്ലപ്പോഴും കാണുമ്പോള്‍ തിരസ്കരിക്കപ്പെട്ടവളുടെ വേദന തിങ്ങുന്ന നോട്ടങ്ങള്‍ കൊണ്ടെന്നെ കുത്തിക്കൊല്ലുന്നു.

ഞാന്‍ എന്തു പുതിയ തെറ്റാണ് നിന്നോടു ചെയ്തത് ? നിന്‍റെ അഭിമാനം വ്രണപ്പെടുത്തി എന്നത് നമ്മള്‍ പരിചയപ്പെട്ട കാലം മുതല്‍ക്കേ ഞാന്‍ ചെയ്തിട്ടുള്ള കാര്യമാണ്. അത്തരത്തില്‍ വ്രണിതമാകുന്ന ഒരഭിമാനസ്തംഭം നമുക്കിടയില്‍ നീ സ്ഥാപിച്ചത് ഞാനറിഞ്ഞേയില്ല. എന്‍റെ എല്ലാ കോംപ്ലക്സുകളും പാര്‍ക്കിങ് ഏരിയകളും വ്യക്തമായി അറിയാവുന്ന നീ ബിഷപ് ഹൗസ് കണ്ട സിപിഎമ്മുകാരനെപ്പോലെ താത്വികമായി മാത്രം എന്നെ വിലയിരുത്തിയതില്‍ എനിക്കു വേദനയുണ്ട്. എല്ലാം അവസാനിപ്പിക്കാനായിരുന്നെങ്കില്‍ ഇതിനെക്കാള്‍ മനോഹരമായ അനേകം അനേകം സുവര്‍ണാവസരങ്ങള്‍ എനിക്കും നിനക്കുമുണ്ടായിരുന്നു. നിന്നെ പ്രേമിച്ചതിന്‍റെ പേരില്‍ തല്ലുകൊള്ളുമെന്നുറപ്പായപ്പൊഴോ, കടപൂട്ടി നിന്‍റെ പിന്നാലെ മാത്രം നടന്നു കച്ചവടം പൊളിച്ചപ്പൊഴോ എനിക്കു വേണമെങ്കില്‍ എല്ലാം നിര്‍ത്താമായിരുന്നു.

നീ എന്നെയും കൊണ്ടേ പോകൂ എന്നെനിക്കു തോന്നിയപ്പോഴൊക്കെ ഞാനകലാന്‍ ശ്രമിച്ചിട്ടുണ്ട്. അത് കൃത്യമായി മനസ്സിലാക്കി നീയെന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ട്- ഞാന്‍ നിന്നേം കൊണ്ടേ പോകൂ, എന്ന്. പ്രണയം ഇത്രയും സ്ട്രോങ്ങായി എന്‍റെ ജീവിതത്തില്‍ മറ്റാരും വിളമ്പിയിട്ടില്ല. പ്രണയം കൊണ്ടെന്നെ വഷളാക്കി ഒടുവില്‍ ഒറ്റക്കാക്കിയിട്ട് നീയിപ്പോള്‍ കണ്ട അണ്ടനും അടകോടനുമായി ഫ്രണ്ട്‍ഷിപ്പു കളിക്കുമ്പോള്‍ എല്ലാറ്റിനേം ചുട്ടുകരിക്കാനാണ് എനിക്കു തോന്നുന്നത്. നിനക്കു വേണ്ടി എന്‍റെ സകല ഫ്രണ്ട്സിനേം വെറുപ്പിച്ച ഞാനിപ്പോള്‍ ആരായി ?

നീയെന്‍റെ ആരുമല്ലെന്നു സമാധാനിച്ച് നീ പോകുന്ന ഇടവഴിയിലേക്കു തുറക്കുന്ന വാതിലും ജനലുകളും മുറുകെയടച്ച് തനിച്ചിരിക്കുകയാണ് ഞാന്‍. എങ്കിലും നീ കടന്നു പോകുന്ന സമയത്ത് പടപടാ മിടിക്കുന്ന ഹൃദയത്തോടെ വാതില്‍പ്പഴുതിലൂടെ നിന്നെ നോക്കാതിരിക്കാനെനിക്കാവുന്നില്ല. ആ ഇടവഴി ഇടിച്ചു നിരത്തണോ, ഈ വാതിലും ജനലും പൊളിച്ച് ഭിത്തി പണിയണോ ?

നിനക്കു നിന്‍റെ വീട്ടുകാര്‍ കല്യാണമാലോചിക്കുന്നത് ഞാനറിഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ നീയൊരുത്തനെ കെട്ടി കടല്‍ കടക്കും. അപ്പോള്‍ നാട്ടിലെ വായില്‍നോക്കികളെപ്പറ്റി കോമഡി പറയുമ്പോള്‍ അവരിലൊരാളായി നീയെന്നെയും ഉള്‍പ്പെടുത്തരുത്. നീ എനിക്കു പണിയാകുമോ എന്നു ഞാന്‍ ഭയപ്പെട്ട കാലത്ത് വീട്ടുകാര്‍ നിന്നെ പിടിച്ചു വല്ലവനേം കൊണ്ട് കെട്ടിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിച്ചിട്ടുണ്ട്. ഇപ്പോള്‍ നിന്നെ മറ്റൊരുത്തന്‍ കെട്ടുന്നതെനിക്കു സങ്കല്‍പിക്കാന്‍ പറ്റുന്നില്ല. നീയല്ലാതെ വേറൊരുത്തിയെ കെട്ടുന്നത് എനിക്കാലോചിക്കാന്‍ പോലും പറ്റുന്നില്ല.

എത്ര ബുദ്ധിജീവിയായാലും, എത്ര ഘടാഘടിയന്‍മാരായ ഫ്രണ്ട്സിനെ ഉണ്ടാക്കിയാലും നീ എന്‍റേതു മാത്രമാണ്. എനിക്കൊരുപാടു പെണ്ണുങ്ങളുമായി അടുപ്പമുണ്ടെന്നോ മറ്റോ നീ ചിലരോട് പറഞ്ഞതായി ഞാനറിഞ്ഞു. വിക്കിപ്പീഡിയ പോലെ തുറന്നു കിടക്കുന്ന എന്‍റെ ജീവിതത്തെപ്പറ്റി നീ അങ്ങനെ പറഞ്ഞതും മറ്റേ നയതന്ത്രത്തിന്‍റെ ഭാഗമായിട്ടായിരിക്കും. എന്തായാലും നീ എന്നെ തകര്‍ത്തു. നിനക്കെന്നെ തകര്‍ക്കാനുള്ള അവസരങ്ങള്‍ ഞാന്‍ തന്നെയാണ് തന്നത്. ഇപ്പോള്‍ നീ കൂളായിട്ടിരുന്നാലും ഒരിക്കല്‍ നീയെന്നെ തേടി വരാതിരിക്കില്ല എന്നെനിക്കുറപ്പാണ്. കല്യാണം കഴിഞ്ഞ് കുറെക്കാലം കഴിഞ്ഞ് നമ്മള്‍ അവിഹിതബന്ധം തുടങ്ങുന്നതിനെക്കാള്‍ നല്ലതല്ലേ കല്യാണത്തിനു മുമ്പു തന്നെ അതു തുടങ്ങുന്നത്.

ഇടവഴിയിലെ ഇളകിയ കല്ലിനു കീഴെ നിന്നു നീയി കത്തു കണ്ടെടുക്കുമെന്നു തന്നെയാണെന്‍റെ പ്രതീക്ഷ. നിന്‍റെ നയതന്ത്രത്തിലുറച്ചു നില്‍ക്കാനാണു ഭാവമെങ്കില്‍ നീയിതു കണ്ടതായി ഭാവിക്കില്ലെന്നെനിക്കറിയാം. വല്ല മനസ്സലിവുമുണ്ടെങ്കില്‍ കത്തു വായിച്ച് നീ ഇടവഴികടന്നു പോകില്ല. നിന്‍റെ വെള്ളിക്കൊലുസ് എന്‍റെ വാതിലിന്നരികില്‍ വന്നു നില്‍ക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു. തുടുത്ത കവിളുകളോടെ, വിയര്‍ത്ത നെറ്റിയോടെ, ചുണ്ടില്‍ ഉച്ചയ്‍ക്കു കടിച്ച ചെമ്പരത്തിയുടെ തേന്‍മധുരത്തോടെ, തണുത്ത വിരലുകള്‍ കൊണ്ടെന്‍റെ വാതിലില്‍ നീ മുട്ടുമ്പോള്‍ ധൃതരാഷ്ട്രാലിംഗനം കൊണ്ടു നിന്നെ പുളകിതയാക്കാന്‍ എനിക്കു പുഷ് അപ്പുകള്‍ ചെയ്യാന്‍ നേരമായി.

PS:- മുറ്റത്ത് ബ്രാ ഉണങ്ങാനിട്ടിരിക്കുന്നതു കണ്ടാല്‍ അമ്മച്ചി പഞ്ചായത്തു കഴിഞ്ഞു വന്നു എന്നു മനസ്സിലാക്കിക്കോണം. അങ്ങനെയാണെങ്കില്‍ നാളെ വന്നാല്‍ മതി.

സ്വപ്നങ്ങളുടെ സിക്സ് പായ്‍ക്കുമായി,
നിന്‍റേതു മാത്രമായ
വക്കച്ചന്‍.

ചാര്‍ളിയുടെ അപ്രകാശിത പ്രേമലേഖനം

എന്റെ സംഗീതയ്‍ക്ക്,

നിന്നെ ഞാന്‍ വെറുതെ വിടുമെന്നു കരുതേണ്ട. കുറെ നാളായിട്ട് എന്റെ മുന്നില്‍ കിടന്നു നീ കളിക്കുന്നു. ജെസ്റ്റിനോട് നിനക്കാരാധനയാണെന്ന് എനിക്കറിയാം. എനിക്കവനോടൊരു ആരാധനയും ഇല്ല. നിന്നോടും എനിക്കൊരാധാനയും ഇല്ല. നീ വലിയ സുന്ദരിയാണെന്നു നീ വിശ്വസിക്കുന്നുണ്ടെങ്കില്‍ വെറുതെയാണ്. നിന്നെക്കാള്‍ സുന്ദരിയായ എത്രയോ പെണ്ണുങ്ങള്‍ എന്റെ വീടിന്റെ ചുറ്റും ഉണ്ട്. അവരെയൊന്നും ഞാന്‍ നോക്കാറുപോലുമില്ല.

ഞാനിവിടെ വന്ന് നിന്നെ നോക്കിയിരിക്കുമെന്ന് നീ കരുതുന്നുണ്ടെങ്കില്‍ വെറുതെയാണ്. നിന്നെ ഞാന്‍ നോക്കാറേയില്ല. നീ വലിയ സുന്ദരിയാണെന്നു കരുതുന്ന മണ്ടന്മാര്‍ ഉണ്ടാവും. അവന്മാരോടും എനിക്ക് സഹതാപമേയുള്ളൂ. നല്ല പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത അവന്മാരെക്കൊണ്ട് നിനക്ക് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.ആണുങ്ങള്‍ക്ക് വേണ്ടത് ബുദ്ധിയാണ്.

പാട്ടു പാടുന്നതും ക്രിക്കറ്റ് കളിക്കുന്നതുമൊന്നും വലിയ കാര്യമായെനിക്കു തോന്നിയിട്ടില്ല. അത്തരം ആളുകളോട് എനിക്ക് ബഹുമാനവും തോന്നിയിട്ടില്ല. എനിക്കും പുല്ലുപോലെ പാട്ട് പാടാന്‍ പറ്റും. ക്രിക്കറ്റ് കളിയൊക്കെ നിസ്സാരമല്ലേ. ബുദ്ധിമാന്മാരായ ആളുകള്‍ ക്രിക്കറ്റ് കളിക്കാറില്ല എന്നു നിനക്കും അറിയാവുന്നതല്ലേ.

ജീവിതമെന്നു പറയുന്നത് രണ്ടോ മൂന്നോ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല എന്ന് നീ മനസ്സിലാക്കണം. ജെസ്റ്റിന്റെ പാട്ട് കേള്‍ക്കാന്‍ രസമുണ്ടായിരിക്കാം, പക്ഷേ അതിനെക്കാള്‍ നന്നായി യേശുദാസ് പാടില്ലേ, എം.ജി.ശ്രീകുമാര്‍ പാടില്ലേ,വേണുഗോപാല്‍ പാടില്ലേ,അവരൊക്കെ എത്രയോ നല്ല പാട്ടുകാര്‍. അവരാരും ഒരു പെണ്ണിനേം ലൈനടിക്കാന്‍ നടന്നിട്ടില്ലല്ലോ. നല്ല ആളുകള്‍ക്ക് ഒരിക്കലും അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല.

ഇതൊക്കെ നിന്നോടു പറയുന്നത് കൊണ്ട് എനിക്കു വിഷമമുണ്ട്. എങ്കിലും പറയാതിരിക്കുന്നത് ചതിയാവുമെന്നു തോന്നിയതു കൊണ്ട് പറഞ്ഞേക്കാം. ജെസ്റ്റിന്‍ തീരെ നല്ലവനല്ല.പാട്ടു പാടുന്നു എന്ന അഹങ്കാരം കൊണ്ട് ആരോടും എന്തും ചെയ്യുന്ന അവസ്ഥയിലാണ് ജെസ്റ്റിന്‍. കഴിഞ്ഞയാഴ്ച തന്നെ ബസ് സ്റ്റാന്‍ഡില്‍ വച്ച് രണ്ട് പെണ്ണുങ്ങളെ അവന്‍ മാറി മാറി നോക്കുന്നത് ഞാന്‍ കണ്ടതാണ്. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീസഹോദരന്മാരാണ് എന്ന് രാവിലെ അസംബ്ലിയില്‍ വച്ച് സത്യം ചെയ്ടിട്ട് ഇങ്ങനെയൊക്കെ നോക്കാന്‍ കഴിയുന്ന മനസാക്ഷിയില്ലാത്തവനാണ് ജെസ്റ്റിന്‍ എന്നു തെളിയിക്കാന്‍ വേറെ തെളിവ് ആവശ്യമില്ലല്ലോ.

ഞാന്‍ പറയാനുള്ളത് പറഞ്ഞു എന്നു മാത്രം. സംഗീതയ്‍ക്ക് ഒരു കുഴപ്പവും വരരുതെന്നേ എനിക്കുള്ളൂ. കഴിഞ്ഞ ഇടവകപ്പെരുന്നാളിന് ഞാന്‍ സംഗീതയുടെ പേരില്‍ അഞ്ച് മെഴുകുതിരിയാണ് കത്തിച്ചത്. സംഗീത പരീക്ഷ ജയിച്ചതും യുവജനോല്‍സവത്തില്‍ ഡാന്‍സിന് സമ്മാനം കിട്ടിയതും വെറുതെയല്ലെന്നു ഇപ്പോള്‍ മനസ്സിലായല്ലോ. ഒരിക്കലും ഈ സത്യങ്ങളൊന്നും സംഗീത അറിയാതിരിക്കട്ടെ എന്നേ ഞാനാഗ്രഹിച്ചിട്ടുള്ളൂ.

മറ്റൊരു ഞെട്ടിക്കുന്ന സത്യം ഞാന്‍ തുറന്നു പറയാം. കഴിഞ്ഞയാള്ച ബയോളജി ക്ലാസ്സില്‍ റീപ്രൊഡക്ടീവ് സിസ്റ്റത്തെക്കുറിച്ച് പഠിപ്പിച്ചപ്പോള്‍ ജെസ്റ്റിന്‍ അപ്പുറത്തെ പ്രവീണിന്റെ ചെവിയില്‍ എന്തോ പറയുന്ന കൂട്ടത്തില്‍ സംഗീതയുടെ പേരും ഞാന്‍ കേട്ടു. ഇതുപോലെ ആഭാസന്മാരായ ആളുകളെ ഞാനിതുവരെ കണ്ടിട്ടില്ല. ഞാനിതൊക്കെ പറയുന്നത് സംഗീതയുടെ ഇഷ്ടം സമ്പാദിക്കാനാണെന്ന് തെറ്റിദ്ധരിക്കേണ്ട. സംഗീതയുടെ ഇഷ്ടം എനിക്കു വേണ്ട. എനിക്കു സംഗീതയെയും ഇഷ്ടമല്ല.

അല്ലെങ്കിലും പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ ഉടന്‍ സെമിനാരിയില്‍ പോകാന്‍ ഇരിക്കുന്നതാണ് ഞാന്‍. എന്റെ വല്യമ്മാവന്‍ സലേഷ്യന്‍ സെമിനാരിയിലെ റെക്ടറാണ്. സെമിനാരിയില്‍ ഇപ്പോള്‍ തന്നെ എനിക്ക് അഡ്മിഷന്‍ ശരിയാക്കിയിരിക്കുകയാണ്. എങ്കിലും സംഗീതയ്‍ക്ക് ഒന്നും സംഭവിക്കരുതല്ലോ എന്നു കരുതി എഴുതിപ്പോയതാണ്. ഇനിയുള്ള നാളുകള്‍ വളരെയധികം സൂക്ഷിക്കണം.

അപ്പുറത്തെ കോളജില്‍ നിന്ന് രണ്ടവന്മാര്‍ ഈയിടെയായി ഉച്ചയ്‍ക്ക് സംഗീതയെ കാണാന്‍ വരുന്നുണ്ട്. ഒരിക്കല്‍ സംഗീത അവന്മാരെ ചിരിച്ചു കാണിക്കുന്നതും ‍ഞാന്‍ കണ്ടു. സംഗീത ഉദ്ദേശിക്കുന്ന തരത്തിലുള്ള ആളുകളല്ല അവര്‍. ഇങ്ങനെ എല്ലാ സ്കൂളുകളുടെയും മുന്നില്‍ പോയി എല്ലാ പെണ്ണുങ്ങളെയും ചിരിച്ചു കാണിക്കലാണ് അവരുടെ ജോലി. ശരിക്കും ഭീകരന്മാരാണ് അവര്‍. നമ്മുടെ പ‍‍ഞ്ചായത്തില്‍ തന്നെ ഇതിനോടകം ഒത്തിരി പെണ്ണുങ്ങളെ അവര്‍ പിഴപ്പിച്ചിട്ടുണ്ടെന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു കേട്ടു. ഇനി അവര്‍ സംഗീതയുടെ പേരെങ്ങാനും പറയുമോന്നാ എന്റെ പേടി.

ഇനി അവരെ കണ്ടാല്‍ അപ്പോള്‍ തന്നെ ഉറക്കെ കരഞ്ഞോണം. അവരിനി നോക്കുകയോ മറ്റോ ചെയ്താല്‍ എന്നോടു പറഞ്ഞാല്‍ മതി. ഞാന്‍ പ്രിന്‍സിപ്പലച്ചനോടു പറയാം. ഞാന്‍ സംഗീതയുടെ ആരുമല്ല. ആരെങ്കിലുമാകാന്‍ എനിക്കു താല്‍പര്യവുമില്ല. ഇത്രയും കാര്യങ്ങള്‍ തുറന്നു പറഞ്ഞതു കൊണ്ട് എന്നെ ആ രീതിയ്‍ക്കൊന്നും കാണല്ലേ. ഞാന്‍ അച്ചനാവാനിരിക്കുന്ന കൊച്ചാണെന്നുള്ളത് അറിയാമല്ലോ. എന്റെ നേര്‍ക്ക് ഈ രിതിക്കൊന്നു നോക്കുന്നത് പോലും തെറ്റാണ്.

ഇത്രയും പറഞ്ഞ നിലയ്‍ക്ക് ഒരു സത്യം കൂടി തുറന്നു പറയാം. സംഗീതയുടെ അപ്പച്ചനെ എനിക്കു ഭയങ്കര ബഹുമാനമാണ്. അപ്പച്ചന്‍ വളരെ നല്ല മനുഷ്യനാണ്. സംഗീതയുടെ അമ്മച്ചിയെ എല്ലാ വെള്ളിയാഴ്ചയും നൊവേനയ്‍ക്ക് പോകുന്ന വഴി ഞാന്‍ ചിരിച്ചു കാണിക്കാറുള്ളത് അമ്മച്ചി പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു. പ്രായത്തിനു മൂത്തവരെയെല്ലാം ഞാന്‍ ബഹുമാനിക്കാറുണ്ട്. സംഗീതയുടെ ചേച്ചിക്ക് അമേരിക്കയില്‍ ജോലി കിട്ടാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട് എന്നു പറഞ്ഞാല്‍ ‍ഞെട്ടരുത്. ഒരു പുണ്യപ്രവൃത്തി എന്ന നിലയ്‍ക്കാണ് ‍ഞാനിതൊക്കെ ചെയ്യുന്നത്.

സംഗീത എന്നെ വേറൊരു രീതിയില്‍ കാണരുത്. കര്‍ത്താവിന്റെ ദാസനായി നല്ലൊരു ഇടയനായി ‍ഞാന്‍ നമ്മുടെ ഇടവകയില്‍ തന്നെ വികാരിയായി വരുമ്പോള്‍ സംഗീതയ്‍ക്ക് എല്ലാം മനസ്സിലാവും. അന്ന് ആദ്യത്തെ ദിവസത്തെ കുര്‍ബാന ഞാന്‍ ചൊല്ലുമ്പോള്‍ മുന്‍ബഞ്ചില്‍ തന്നെ സംഗീത ഉണ്ടാവണം. എന്റെയൊരു ആഗ്രഹമാണ്. സംഗീത ഉണ്ടാവില്ലേ സംഗീതേ ?

പ്രേമമെന്നൊക്കെ പറയുന്നത് നമ്മളെപ്പോലെ കുടുംബത്തില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല സംഗീതേ. അതൊക്കെ ഭയങ്കര മോശമാണ്. ഒരിക്കലും അത്തരമൊരു കെണിയില്‍ ചെന്നു ചാടരുത്. എല്ലാവരും എന്നെപ്പോലെ ആയിരിക്കില്ലല്ലോ. സംഗീതയുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സെമിനാരിയില്‍ പോകാന്‍ കൂടി സങ്കടമാണ്. ആരായിരിക്കും സംഗീതയെ കല്യാണം കഴിക്കുന്നത് ? അയാള്‍ സംഗീതയെ ശരിക്കു നോക്കുമോ ? രാത്രിയില്‍ കള്ളു കുടിച്ചു വന്നിട്ട് സംഗീതയെ കുനിച്ചു നിര്‍ത്തി ഇടിക്കുന്നയാളാണെങ്കില്‍ സംഗീത എന്തു ചെയ്യും സംഗീതേ. മിക്കവാറും ആണുങ്ങള്‍ അങ്ങനെയാണെന്നാണ് കേള്‍ക്കുന്നത്.

കല്യാണം ആലോചിക്കുമ്പോള്‍ ഇതൊക്കെ പ്രത്യേകം അന്വേഷിക്കാന്‍ അപ്പച്ചനോടു പറയണം. സ്‍ത്രീധനം ചോദിക്കുന്നവരെയും കല്യാണം കഴിക്കാന്‍ സംഗീത സമ്മതിക്കരുത്. സ്‍ത്രീധനമായി കിട്ടുന്ന കാശ് തീര്‍ന്നു കഴിയുമ്പോള്‍ അയാള്‍ സ്‍റ്റൌ പൊട്ടിത്തെറിപ്പിച്ച് സംഗീതയെ കൊല്ലുകയില്ലെന്നാര് കണ്ടു. ഇതൊക്കെ സാധാരണയായി നടക്കുന്നതായതു കൊണ്ടാണ് ഞാന്‍ പ്രത്യേകം പറയുന്നത്. മിക്കവാറും ആണുങ്ങളും ക്രൂരന്മാരാണ്. കല്യാണം കഴിക്കുന്ന ആണുങ്ങളൊക്കെ ഭയങ്കര ദുഷ്ടന്മാരാണ്.

ആ മനസ്സ് എനിക്കില്ലാത്തതുകൊണ്ടാണ് ഞാന്‍ സെമിനാരിയില്‍ പോകാന്‍ തീരുമാനിച്ചത്. എനിക്ക് സ്നേഹിക്കാന്‍ മാത്രമേ അറിയൂ എന്നാണ് എല്ലാവരും പറയുന്നത്. സംഗീതയോടും എനിക്കു സ്നേഹം മാത്രമേയുള്ളൂ. ഞാന്‍ സ്നേഹിക്കുന്നത് പോലെ ആരെങ്കിലും സംഗീതയെ സ്നേഹിക്കുമോ സംഗിതേ ? സംഗീതയുടെ സന്തോഷമാണ് എനിക്കു വലുത്. സെമിനാരിയില്‍ പോയാലും സംഗീതയുടെ കാര്യങ്ങളോര്‍ത്ത് ഞാന്‍ വിഷമിക്കും. വേറൊരാളെ കല്യാണം കഴിച്ചാലും ഞാന്‍ സ്നേഹിക്കുന്നപോലെ അയാള്‍ സ്നേഹിച്ചില്ലെങ്കില്‍ സംഗീതയും വിഷമിക്കും. ഇതിനെന്താണൊരു പോംവഴി സംഗിതേ ?

എല്ലാം കൂടി ആലോചിക്കുമ്പോള്‍ എന്റെ സെമിനാരി സ്വപ്നങ്ങള്‍ പോലും ബലി കഴിച്ച് സംഗിതയെ അങ്ങ് കല്യാണം കഴിച്ചാലോ എന്നു പോലും ഞാനാ‍ലോചിച്ചു പോയി. കര്‍ത്താവിന്റെ ഇടയനാവേണ്ട ഞാന്‍ സംഗീതയെ കല്യാണം കഴിച്ചാല്‍ ദൈവം എന്നെ ശിക്ഷിക്കുമോ എന്നെനിക്കറിയില്ല. പക്ഷെ, സംഗീതയുടെ നന്മയ്‍ക്കു വേണ്ടി ആ ശിക്ഷ വരെ ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.

എന്തായാലും സംഗീതയുടെ അപ്പച്ചനോട് സംഗീത തന്നെ ഇക്കാര്യം പറയണം. ഇനി ക്ലാസ്സില്‍ വരുമ്പോള്‍ ഈ കത്തിന് വിശദമായ മറുപടിയും കൊണ്ടുവരണം.സംഗീതയുടെ ഒരു ഫോട്ടോയും വയ്‍ക്കാന്‍ മറക്കേണ്ട.

എന്ന് സംഗീതയുടെ സ്വന്തം,
ചാര്‍ളി.

അനാഘ്രാത കുസുമങ്ങളുടെ മധുരപ്പതിനേഴ് ലക്ഷണങ്ങള്‍


അനാഘ്രാത കുസുമങ്ങളുടെ മധുരപ്പതിനേഴ് ലക്ഷണങ്ങള്‍
അവളെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല. എന്നാല്‍ അധികമൊന്നും പറയാന്‍ അവള്‍ക്ക് അവസരവുമില്ല. എങ്കിലും അവളില്ലാതെ ഒന്നുമില്ല. മലയാള സിനിമയിലെ നായികാസങ്കല്‍പം വളരെ സങ്കീര്‍ണ്ണമാണ്. അസ്തിത്വ-സ്വത്വ പ്രതിസന്ധികളില്‍ പെട്ട് ഇല്ലാതാവുമ്പോഴും ഗദ്ഗദങ്ങളും ചില്ലറ സീല്‍ക്കാരങ്ങളുമായി ഉടുത്തൊരുങ്ങി ഒരു സാന്നിധ്യമായി എല്ലാ സിനിമകളിലും അവളുണ്ടാവും. ബോറനായ നായകന്റെ പെട്ടി പിടിക്കുന്നതിലും ഷൂ അഴിക്കുന്നതിലും ത്രില്ലടിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന ലോകത്തെ ഒരേയൊരു സ്ത്രീസമൂഹം മലയാള സിനിമയിലെ നായികമാരായിരിക്കും. സ്ത്രീകളുടെ അസ്തിത്വവും വ്യക്തിത്വവും അംഗീകരിക്കാന്‍ തിരക്കഥാകൃത്തുക്കളെ തടയുന്നത് എന്താണ് ? പഴയ സിനിമകളുടെ ഡിവിഡിയില്‍ നിന്നല്ലാതെ പുതിയ മനുഷ്യജീവിതത്തില്‍ നിന്നു കഥാപാത്രങ്ങളെ ഉണ്ടാക്കുന്ന അപൂര്‍വം ചിലരൊഴിച്ചാല്‍ മറ്റുള്ളരുടെ തൂലികത്തുമ്പില്‍ നിന്നു പിറന്നുവീഴുന്ന നായികമാര്‍ക്ക് എന്നും എപ്പോഴും ഒരേ നിറമാണ്, ഗുണമാണ്, മണമാണ്.

നായിക എന്നു ചുമ്മാ വിളിക്കുന്ന സ്ത്രീകഥാപാത്രത്തിന് നായകനും വില്ലനും കോമഡിതാരവും കഴിഞ്ഞുള്ള പ്രാധാന്യമേ സിനിമയില്‍ ഉണ്ടാകാറുള്ളൂ. താരങ്ങളും ഫാന്‍സും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍ വയറ്റിപ്പിഴപ്പിനുവേണ്ടി അതുംഇതും എഴുതി ജീവിക്കുന്ന പാവം തിരക്കഥാകൃത്തുക്കള്‍ പടച്ചുവിട്ട സിനിമകളിലൂടെ പ്രേക്ഷകന്‍ പഠിക്കുന്ന നായികാസങ്കല്‍പം അളന്നുതൂക്കിനോക്കുമ്പോള്‍ പിടികിട്ടുന്ന സിനിമാറ്റിക്കായ സത്യങ്ങളിലേക്ക് ക്യാമറ തിരിക്കട്ടെ.

1. നായികയ്ക്ക് എന്നും 18 വയസ്സായിരിക്കും. വിവാഹിതയാണെങ്കില്‍ എപ്പോഴും കുളിച്ച് ഫ്രഷായി (പറ്റുമെങ്കില്‍ ഈറനായി) നടക്കുന്ന നായികയാണ് നല്ല നായിക. പിന്നിയിട്ട നീളന്‍മുടിയില്‍ തുളസിക്കതിര്‍ ഒരലങ്കാരമാണ്. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ ഗുണ്ടകള്‍ക്കും അവരുടെ ആരോഗ്യത്തിനും വേണ്ടി മനസുരുകി പ്രാര്‍ഥിക്കുന്നതാണ് നായികയുടെ നല്ല ലക്ഷണം. ഗുണ്ടകളുമായി പുറത്ത് അടി നടക്കുമ്പോള്‍ പൂജാമുറിയില്‍ അടച്ചിരുന്നു പ്രാര്‍ഥിക്കുന്ന നായികയുടെ ശാക്തീകരണശേഷി അന്യാദൃശമാണ്. നായകന്‍ തലവേദനയാണെന്നു നുണ പറഞ്ഞാലും ഓടിപ്പോയി ബാം എടുത്തുകൊണ്ടു വന്നു പുരട്ടുന്നത് നായികയുടെ ഒരു വീക്ക്‌നെസ്സ് ആണ്.

2. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം തുടങ്ങി ഒരു നേരവും നായിക ഭക്ഷണം കഴിക്കാറില്ല. നായികയാണ് പ്രാതല്‍ ഉണ്ടാക്കുന്നതെങ്കില്‍ അത് ദോശയായിരിക്കും. ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ കൂടെയിരിക്കാന്‍ നിര്‍ബന്ധിക്കുന്ന നായകനോട് പിന്നെ കഴിച്ചോളാം എന്നു പറയുന്നവളാണ് മാതൃകാനായിക; അവളെ പിടിച്ചിരുത്തി ഭക്ഷണം വിളമ്പിക്കൊടുക്കുന്ന നായകന്‍ മഹാത്മാവും. നായകന്‍ നക്കിത്തുടച്ച് എച്ചിലാക്കിയ പാത്രത്തില്‍ നിന്നു ഭക്ഷിക്കുമ്പോള്‍ നായിക പ്രത്യേകതരം നിര്‍വൃതിയിലൂടെയും അനുഭൂതികളിലൂടെയും കടന്നുപോകും.

3. നായികമാര്‍ കൂര്‍ക്കം വലിക്കാറില്ല. രാത്രിയില്‍ ബെഡ്‌റൂമില്‍ എന്തൊക്കെ നടന്നാലും നായികയുടെ നെറ്റിയിലെ പൊട്ട് പരന്നുകിടക്കുകയല്ലാതെ മറ്റൊരു തെളിവും അവശേഷിക്കുകയില്ല (നായികയും നായകനും എന്തൊക്കെ ചെയ്താലും ദൂരെയൊരു മരക്കൊമ്പിലിരുന്ന് ഇണക്കുരുവികള്‍ കൊക്കുരുമ്മുന്നതേ പ്രേക്ഷകന് കാണാന്‍ കിട്ടൂ).

4. രാവിലെ ബെഡ്‌കോഫിയുമായി നായകന്റെ അടുത്തേക്കു പോയാല്‍ പല്ലുതേയ്ക്കാത്ത നായകന്‍ വലിച്ചു കിടക്കയിലേക്കിട്ട് ചുംബിക്കുമ്പോള്‍ പുളകിതയാവുന്നവളാണ് നല്ല നായിക. അഥവാ വല്ലതും നടന്നാല്‍ നായിക പിന്നേം കുളിക്കാന്‍ പോവും. കുളിയില്‍ ഹീറോയിസമില്ലാത്തതിനാല്‍ നായകന്‍ പത്രം വായിക്കാനും. നായികയുടെ കുളിമുറിയുടെ ഒരുവശത്ത് ചില്ലായിരിക്കും. ചില്ലിലൂടെ നോക്കിയാല്‍ കുളിയുടെ നിഴല്‍ പ്രേക്ഷകനു കാണാം. നായിക കുളിക്കുമ്പോഴും വസ്ത്രം ധരിച്ചിരിക്കും. മുഖത്തും കഴുത്തിലും കൈകളിലും മാത്രമേ സോപ്പ് തേയ്ക്കാറുള്ളൂ.

5. പതിവ്രതയായ നായിക സ്ഥിരം ചുരിദാറാണ് ധരിക്കുന്നതെങ്കിലും മഴ നനയുന്ന സീനില്‍ മാത്രം നേര്‍ത്തസാരിയേ ഉടുക്കൂ. മഴ നനയുമ്പോള്‍ നായിക വെള്ള ബ്ലൗസും കറുത്ത ബ്രേസിയറും അല്ലെങ്കില്‍ കറുത്ത ബ്ലൗസും വെള്ള ബ്രേസിയറുമാണ് ധരിക്കുന്നത്. മഴ നനഞ്ഞുവരുന്ന നായികയ്ക്ക് തല തോര്‍ത്താന്‍ ടവ്വലും മാറാന്‍ വേറെ വസ്ത്രവും (നായകന്റെ ഷര്‍ട്ടോ ടീ ഷര്‍ട്ടോ) നല്‍കുന്നത് ഒരാചാരമാണ്. സ്ഥലവും സാഹചര്യവും ഏതായാലും വസ്ത്രം ഓഫര്‍ ചെയ്യുന്നവന്‍ ആരായാലും ഓഫര്‍ സ്വീകരിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്നത് നായികയുടെ വിനോദമാണ്.

6. നായകന്റെ ഭാഗത്തു നിന്ന് ഒരു ലൈംഗിക അധിനിവേശം ഉണ്ടായാല്‍ ആദ്യം ശക്തിയായി എതിര്‍ക്കുന്ന നായിക നായകന്റെ ഫസ്റ്റ് ചുംബനത്തോടെ നിലപാട് മാറ്റുകയും വര്‍ധിച്ച ആവേശത്തോടെ നായകനോട് സഹകരിക്കുകയും ചെയ്യും. വില്ലനാണ് അധിനിവേശത്തിനു വരുന്നതെങ്കില്‍ കിലോമീറ്ററുകളോളം ഓടുകയോ രണ്ടു സെന്റീമീറ്റര്‍ നീളമുള്ള കത്തി അല്ലെങ്കില്‍ ബ്രാണ്ടിക്കുപ്പി (ചുവട് ഒറ്റയടിക്ക് പൊട്ടിച്ചത്) കൊണ്ട് വില്ലനെ കുത്തിക്കൊല്ലുകയോ ചെയ്യും. മാനംഭംഗത്തിനിരയായാല്‍ നായിക ‘ഞാന്‍ നശിച്ചു’ എന്നു പ്രഖ്യാപിച്ച് നായകനില്‍ നിന്ന് അകലാന്‍ ശ്രമിക്കും, പറ്റിയാല്‍ ഒരു ആത്മഹത്യാശ്രമം എങ്കിലും നടത്തും (മാനഭംഗം ചെയ്യപ്പെട്ട നായിക ആത്മഹത്യാശ്രമം നടത്തി അതിജീവിച്ചാല്‍ നായകനു സ്വീകരിക്കാം: ചുമ്മാ സ്വീകരിച്ചാല്‍ ഹീറോയിസം പോകും). മാനഭംഗം ചെയ്യപ്പെടുന്നത് ഉപനായികയാണെങ്കില്‍ ആത്മഹത്യ ഉറപ്പാണ്.

7. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ലോക്കറ്റ് സമ്മാനിച്ചിട്ടു നാടുവിട്ടുപോയ നായകന്‍ പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞ് തിരികെ വരുന്നതു വരെ ആ ഹൈസ്‌കൂള്‍ ചെക്കനെ ഓര്‍ത്തുകൊണ്ട് കൗമാരവും യൗവ്വനവും പാഴാക്കി, വിവാഹം വേണ്ടെന്നു വച്ച് പഴയ ലോക്കറ്റും കെട്ടിപ്പിടിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന നായികയാണ് പതിവ്രത. നായകന്‍ തിരികെ വന്ന് നായികയുടെ കുട്ടിക്കാലത്തെ കളിപ്പേര് വിളിക്കുമ്പോള്‍ മാത്രമേ തിരിച്ചറിയൂ. നായകന്‍ വേറെ കെട്ടി സന്തുഷ്ടകുടുംബജീവിതം നയിക്കുകയാണെങ്കിലും നായിക തല്‍സ്ഥിതി തുടരും. തനിക്കു പിറക്കാതെ പോയ നായകന്റെ മക്കളെ താലോലിച്ച് നായിക കഥയില്‍ തുടരുകയാണെങ്കില്‍ നായകന്റെ നിലവിലുള്ള ഭാര്യ തട്ടിപ്പോകാനും ക്ലൈമാക്‌സ് വരെ വെയ്റ്റ് ചെയ്യുന്ന നായികയും നായകനും പുതിയ ജീവിതം തുടങ്ങാനും നല്ല സാധ്യതയുണ്ട്.

8. ഓഫിസില്‍ പോകുന്ന നായികയാണെങ്കില്‍ ആവശ്യത്തിലേറെ വലിപ്പമുള്ള ലേഡീസ് ബാഗും കയ്യില്‍ ടു ഫോള്‍ഡ് കുടയും ഉറപ്പായും കരുതിയിരിക്കും (പക്ഷെ, കുട ബാഗില്‍ വയ്ക്കില്ല). വരവും പോക്കും പ്രൈവറ്റ് ബസിലായിരിക്കും (എത്ര തിരക്കുള്ള ബസില്‍ യാത്ര ചെയ്താലും നായികയുടെ വേഷത്തില്‍ ചുളിവുകള്‍ വീഴില്ല, മുടി പാറിപ്പറന്നുപോവുകയുമില്ല). നായിക കലക്ടര്‍, തഹസില്‍ദാര്‍ റേഞ്ചിലുള്ള ഹൈ പ്രൊഫൈല്‍ സര്‍ക്കാരുദ്യോഗസ്ഥയാണെങ്കില്‍ കണ്ണട ഉറപ്പാണ്. പോരെങ്കില്‍ കോട്ടണ്‍ സാരിയേ ഉടുക്കൂ. ചുമ്മാ ചിരിക്കുകയോ തമാശ പറയുകയോ ചെയ്യില്ല.

9. ഡ്രൈവിങ് അറിയാവുന്ന നായികമാര്‍ കുറവാണ്, അറിയാമെങ്കിലും ടൂവീലറേ ഓടിക്കൂ. കാറുണ്ടെങ്കില്‍ മാരുതി 800 അല്ലെങ്കില്‍ സെന്‍ മാത്രമേ നായിക ഉപയോഗിക്കാറുള്ളൂ. അപൂര്‍വമായേ നായിക ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാറുള്ളൂ. കാറില്‍ മിനിമം 10 സുഹൃത്തുക്കളെങ്കിലും ഉണ്ടെങ്കിലേ നായികയ്ക്ക് ഡ്രൈവിങ് വരൂ. നായികയുടെ കാറിലെ സ്റ്റീരിയോയില്‍ നിന്ന് ഉച്ചത്തിലുള്ള ഇംഗ്ലിഷ് പാട്ടുകള്‍ മാത്രമേ കേള്‍ക്കൂ.

10. നായകനുമായി എപ്പോള്‍ പിണങ്ങിയാലും ശരി, എത്ര കോടീശ്വരിയാണെങ്കിലും ശരി, സ്വന്തം വീട്ടിലേക്കു പോകുമ്പോള്‍ ഒരു പെട്ടിയില്‍ കൊള്ളാവുന്ന സാധനങ്ങളേ നായിക കൊണ്ടുപോകൂ. വര്‍ഷങ്ങള്‍ക്കു ശേഷം പിണക്കം മാറി തിരികെ വരുമ്പോഴും ഒരുപെട്ടി സാധനങ്ങളേ കൊണ്ടുവരൂ.

11. നായകന് അവിഹിതമുണ്ടെന്നറിഞ്ഞാല്‍ നായിക കരയുക മാത്രമേയുള്ളൂ. തെറ്റ് മനസ്സിലാക്കി നായകന്‍ തിരികെ വരുന്നത് വരെ അവള്‍ വെയ്റ്റ് ചെയ്യും (നായകനില്ലാതെ അവള്‍ക്ക് ജീവിക്കാന്‍ പറ്റില്ല) എന്നാല്‍, അവിഹിതബന്ധമുള്ള നായികയെ ഹീറോയിസത്തില്‍ വിശ്വാസമുള്ള നായകന്‍ കൊല്ലുകയാണ് പതിവ്.

12. പണക്കാരുടെ മകളായി ജനിച്ച നായികയ്ക്ക് (അച്ഛന്‍ ബിസിനസിലും അമ്മ ക്ലബിലും മുഴുകിയതുകൊണ്ട്) ചെറുപ്പത്തില്‍ സ്‌നേഹം കിട്ടിയിട്ടുണ്ടാവില്ല. അഥവാ ധാരാളം സ്‌നേഹം കിട്ടിയിട്ടുണ്ടെങ്കില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ അധോലോക ചേട്ടന്മാര്‍ വന്ന് എല്ലാവരെയും വെടിവച്ച് കൊന്ന് ആ സന്തോഷം അവസാനിപ്പിച്ചിട്ടുണ്ടാവും.

13. നായിക പാറമടയില്‍ കല്ലുടയ്ക്കുകയാണെങ്കിലും കൈവിരലിലെ നഖങ്ങള്‍ ഭംഗിയായി നീട്ടി വൃത്തിയായി പോളിഷ് ഇട്ടിരിക്കും. അരിവാങ്ങാന്‍ കാശില്ലാതെ പട്ടിണിയിലാണെങ്കിലും മുടി എന്നും ഷാംപൂ ചെയ്ത് കുട്ടപ്പനാക്കി വച്ചിരിക്കും.

14. കോളജില്‍ പഠിക്കുന്ന നായികയാണെങ്കില്‍ കെമിസ്ട്രിയായിരിക്കും വിഷയം (ലാബിലെ പരീക്ഷണങ്ങള്‍ സിനിമക്കാര്‍ക്ക് ഒരു ഹരമാണ്).

15. നായിക കാലില്‍ എന്തു ധരിച്ചാലും ശരി നടക്കുമ്പോള്‍ ‘ഡക്, ഡക്, ഡക് ‘ എന്ന ശബ്ദമായിരിക്കും കേള്‍ക്കുക. നായികയുടെ കൊലുസിന് ചിലങ്കയുടെ ഇഫക്ടാണ്.

16. എല്ലാ നായികമാരും കാണുന്നത് ഒരേ ദുസ്വപ്നമായിരിക്കും: ഉറഞ്ഞുതുള്ളുന്ന തെയ്യക്കോലങ്ങളുടെ എക്‌സ്ട്രീം ക്ലോസപ്പ് അല്ലെങ്കില്‍ ഇടുങ്ങിയ ഇടനാഴിയിലൂടെ ഓടിയോടി ഒടുവില്‍ വഴിയവസാനിക്കുന്നിടത്തു കുടുങ്ങുന്നത്.

17. കാമുകനെ (ഭര്‍ത്താവിനെ) ‘എടാ’ ‘പോടാ’ ‘നീ’ എന്നൊക്കെ സംബോധന ചെയ്യുന്ന നായിക വളരെ ബോള്‍ഡ് ആയിരിക്കും. (ബാക്കി എല്ലാ കാര്യത്തിലും പഴഞ്ചനായാലും കുഴപ്പമില്ല).

നായിക മാത്രമല്ല സിനിമയിലെ സ്ത്രീസാന്നിധ്യം. അമ്മ, അമ്മായിയമ്മ, സഹോദരി, അയല്‍ക്കാരി അങ്ങനെ കിടക്കുകയാണ് സ്ത്രീപക്ഷം. എന്നാല്‍ അവര്‍ക്കുമുണ്ട് പെരുമാറ്റച്ചട്ടം. നായകന്റെയോ നായികയുടെയോ അമ്മയെ സ്ഥിരമായി വേട്ടയാടുന്നത് ഒരേ അസുഖമാണ്- കാല്‍മുട്ടിനു വേദന (നായികയുടെ അച്ഛന് നിര്‍ത്താതെയുള്ള ചുമ). നായകന് അമ്മ സ്ഥിരമായി വച്ചു നല്‍കുന്ന നായകന്റെ പ്രിയപ്പെട്ട കറി മാമ്പഴപുളിശ്ശേരി ആയിരിക്കും (അല്ലെങ്കില്‍ കുടംപുളിയിട്ടു വച്ച മീന്‍കറി). നായകന്‍ എത്ര വിദ്യാസമ്പന്നനും ബുദ്ധിമാനും ആയാലും ശരി നായകന്റെ സഹോദരി പത്താം ക്ലാസ് പാസ്സാവാന്‍ വിഷമിക്കുന്നത് സിനിമയിലുടനീളം പ്രേക്ഷകര്‍ കാണേണ്ടി വരും. നായകന്റെ ചേച്ചിക്കും വിദ്യാഭ്യാസമുണ്ടാവില്ല. യക്ഷിയാണ് കാലങ്ങളായി ഒരു വെറൈറ്റിയുമില്ലാതെ വന്നുപോകുന്ന കക്ഷി. വെള്ളസാരി, വെള്ള ബ്ലൗസ്, അഴിച്ചിട്ട മുടി (നീളമുള്ള മുടിയില്ലാത്തവര്‍ മരിച്ചാലും യക്ഷിയാവില്ല), കലാഭവന്‍ മണിയെപ്പോലെ ചിരിക്കാനുള്ള കഴിവ്, കണ്ണില്‍ പ്രത്യേകം കോണ്‍ടാക്റ്റ് ലെന്‍സ്: സിനിമ ഏതായാലും യക്ഷി എന്നും എപ്പോഴും ഒരേ ഫോര്‍മാറ്റിലായിരിക്കും.

ശരാശരി മല്ലുവിന്‍റെ നവരസങ്ങള്‍


ശരാശരി മല്ലുവിന്‍റെ നവരസങ്ങള്‍
1. ഞാനും എന്‍റെ ഭാര്യയും കൂടി പോവുമ്പോള്‍ ആളുകള്‍ മാനം മര്യാദയ്‍ക്ക് പെരുമാറണം. അനാവശ്യമായി എന്‍റെ ഭാര്യയെ തുറിച്ചു നോക്കുകയോ ‘നിനക്കിവനെയേ കിട്ടിയുള്ളോ’ എന്ന അര്‍ത്ഥത്തില്‍ അവളെ നോക്കി ചിരിക്കുകയോ ചെയ്യാന്‍ പാടില്ല. അവളുടെയൊരു ഭാഗ്യം എന്ന അര്‍ത്ഥത്തില്‍ മറ്റു സ്ത്രീകള്‍ എന്‍റെ ഭാര്യയെയും എന്നെയും നോക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. ബസിലോ, ട്രെയിനിലോ ഇണക്കുരുവികള്‍ ഒരുമിച്ചിരുന്നോട്ടെ എന്നു കരുതി ആളുകള്‍ ഞങ്ങള്‍ രണ്ടാള്‍ക്കും സീറ്റ് ഒഴിഞ്ഞു തരികയും ഞങ്ങള്‍ വല്ല പ്രണയപ്രകടനങ്ങളും നടത്തിയാല്‍ തുറിച്ചു നോക്കാതെ കാണാത്ത ഭാവത്തില്‍ തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന മാതൃകാസമൂഹത്തെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

2. ഞാന്‍ ഒറ്റയ്‍ക്കു പുറത്തിറങ്ങുമ്പോള്‍ എന്‍റെ കണ്ണുകള്‍ വഴിയില്‍ കാണുന്ന സ്ത്രീകളുടെ മുഖത്തും നെഞ്ചിലും അരക്കെട്ടിലുമായിരിക്കും. മണകുണാഞ്ചന്‍മാരായ ഭര്‍ത്താക്കന്മാരോടൊപ്പം നടക്കുന്ന സ്ത്രീകളെല്ലാം അസംതൃപ്തരും എന്നെപ്പോലെ ഒരു ചെറുപ്പക്കാരനെ ആഗ്രഹിക്കുന്നവരുമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ചെറുചിരിയോടെ ആ ഭാര്യമാരുടെ കണ്ണുകളിലേക്ക് നോക്കുന്നത് എന്‍റെ അവകാശമാണ്. ഈ കാലനില്‍ നിന്ന് എന്നെ രക്ഷിക്കൂ എന്ന അപേക്ഷാഭാവത്തോടെ ആ ഭാര്യമാരുടെ കണ്ണുകള്‍ എന്നെ കൊത്തിപ്പറിക്കുന്നത് എനിക്ക് അവഗണിക്കാനാവില്ലല്ലോ.

3. ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ സഹയാത്രികരായ സ്ത്രീകള്‍ എന്‍റെ സാമീപ്യം കൊതിക്കുന്നത് സ്വാഭാവികമാണ്. എന്നെപ്പോലെ സുന്ദരനും ആരോഗ്യവാനുമായ ഒരു പുരുഷന്‍ അവരുടെ ശരീരഭാഗങ്ങളെ തഴുകുന്നതും ചേര്‍ത്തമര്‍ത്തുന്നതും അവര്‍ എത്രത്തോളം ആസ്വദിക്കുമെന്നത് പറഞ്ഞറിയിക്കേണ്ടതില്ല. ഭാര്യാഭര്‍ത്താക്കന്‍മാരും കാമുകീകാമുകന്‍മാരും യാത്രക്കിടെ പരസ്പരം മുട്ടിയുരുമ്മിയിരുന്ന് സംസാരിക്കുന്നതും തോണ്ടുന്നതും അസഹ്യമാം വിധം ബോറായതിനാല്‍ അവരെ അതില്‍ നിന്നു പിന്‍തിരിപ്പിക്കാനുള്ള ഇടപെടലുകള്‍ ഞാന്‍ നടത്തും.

4. ചില്ലുമേടകളിലിരിക്കുന്ന സ്ത്രീകളെ തെരുവില്‍ കണ്ടാല്‍ കയറിപ്പിടിക്കുന്നത് എന്‍റെ ഒരു വിനോദമാണ്. അവര്‍ക്കു ചുറ്റും ആള്‍ക്കൂട്ടമുണ്ടെങ്കില്‍ ആള്‍ക്കൂട്ടത്തിലൊരുവനായി സ്ത്രീകളെ പിടിക്കുന്നത് സുരക്ഷിതവും ബുദ്ധിപരവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമാ നടിമാര്,‍ സെലബ്രിറ്റികള്‍ തുടങ്ങിയവരെ പിടിക്കുന്നതിലൂടെ പാകിസ്ഥാനെതിരായ വണ്‍ഡേ മാച്ച് ജയിച്ചതുപോലെ ഒരു സന്തോഷവും സമാധാനവും എനിക്കനുഭവ്പെടാറുണ്ട്. എപ്പോള്‍, എവിടെ വച്ച് എങ്ങനെ കയറിപ്പിടിച്ചാലും പെട്ടെന്ന് എതിര്‍ക്കുമെങ്കിലും സ്ത്രീകള്‍ ഉള്ളിന്‍റെയുള്ളില്‍ സന്തോഷിക്കുകയും ആ പിടുത്തം എക്കാലവും മനസ്സിലിട്ട് താലോലിക്കുകയും ചെയ്യും എന്നെനിക്ക് ഉറച്ച വിശ്വാസമുണ്ട്.

5. അമിതമായ ലൈംഗികാസക്തിയുള്ള സ്ത്രീകളാണ് ടൈറ്റായ വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും അംഗലാവണ്യം എടുത്തു കാട്ടുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടാനാഗ്രഹിക്കുന്നവരാണെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയുള്ള സ്ത്രീകളെ തൊടുന്നതും പിടിക്കുന്നതും ഒരു നല്ല കാര്യമാണ്. രാത്രിയില്‍ ഒറ്റയ്‍ക്കു യാത്ര ചെയ്യുന്ന സ്ത്രീകളും മറ്റൊന്നല്ല ആഗ്രഹിക്കുന്നത്. വസ്ത്രത്തെക്കാള്‍, ഭക്ഷണത്തെക്കാള്‍ എല്ലാം പ്രധാനമായി സ്ത്രീകള്‍ ആഗ്രഹിക്കുന്നത് ലൈംഗികസംതൃപ്തിയാണ്. അത് നല്‍കാന്‍ സദാ സന്നദ്ധനായി സകല അവസരങ്ങളും വിനിയോഗിക്കുന്ന എന്നെ സ്ത്രീപക്ഷവാദിയായാണ് കാണേണ്ടത്.

6. എന്‍റെ റേഞ്ചിലുള്ള ഒരു സ്ത്രീ എന്നെ പരിഗണിക്കാതെ പുറത്തു നിന്നൊരാളെ ജാരനായോ കാമുകനായോ സ്വീകരിക്കുന്നത് എനിക്കു സഹിക്കാന്‍ കഴിയുകയില്ല. ഞാനും ആ സ്ത്രീയുമായി പ്രത്യേകിച്ച് ഒരടുപ്പവും ഇല്ലെങ്കിലും ഭര്‍ത്താവല്ലാതെ മറ്റൊരാളെപ്പറ്റി അവര്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അത് എന്നെപ്പറ്റി മാത്രമായിരിക്കണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. മറിച്ച്, നമ്മളൊക്കെ ഇവിടെയുള്ളപ്പോള്‍ പുറത്തുന്നൊരുന്നതെ അടുപ്പിക്കുന്നത് എന്‍റെ വ്യക്തിത്വത്തിനും പൗരുഷത്തിനും നേരെയുള്ള വെല്ലുവിളിയായി കണക്കാക്കി ഉറപ്പായും ഞാന്‍ പ്രതികാരം ചെയ്യും.

7. വല്ലവന്‍റെയും ഭാര്യയെ പ്രേമിക്കുന്നിടത്തോളം കാലം ഞാന്‍ ന്യൂജനറേഷന്‍ ആശയങ്ങളെ പിന്തുണയ്‍ക്കുകയും അത്തരം ആശയങ്ങളുടെ വ്യാപനത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ എന്‍റെ ഭാര്യയെ വല്ലവനും പ്രേമിക്കുന്ന കാര്യത്തില്‍ ഞാന്‍ ഓള്‍ഡ് ജനറേഷനായി തുടരും. എന്നെക്കാള്‍ മികച്ച ഒരു പുരുഷനെ കണ്ടെത്താല്‍ എന്‍റെ ഭാര്യയ്‍ക്കാവില്ല എന്നതുപോലെ തന്നെ മറ്റു സ്ത്രീകള്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും മികച്ച പുരുഷന്‍ ഞാനാണെന്നതും ഞാനുറച്ചു വിശ്വസിക്കുന്നു.എന്‍റെ ഭാര്യ മറ്റാരെയെങ്കിലും ഇഷ്ടപ്പെടുന്നത് തെറ്റും ഞാന്‍ മറ്റുള്ളവരുടെ ഭാര്യമാരെ ഇഷ്ടപ്പെടുന്നത് അങ്ങനെ ശരിയുമായിത്തീരുന്നു.

8. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ സുന്ദരികളാണെന്നു വിശ്വസിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നതിനാല്‍ തങ്ങളുടെ ആകര്‍ഷകത്വം നഷ്ടപ്പെട്ടു എന്നും ജീവിതത്തിലെ നല്ലകാലം അവസാനിച്ചു എന്നും കരുതിയിരിക്കുന്ന മുപ്പതുകളുടെ അവസാനത്തില്‍ നില്‍ക്കുന്ന സ്ത്രീകളെ വശീകരിക്കാനാണ് എനിക്കു താല്‍പര്യം. ആ പ്രായത്തിലുള്ള സ്ത്രീകളെ വളയ്‍ക്കുമ്പോള്‍ എനിക്ക് അവരോടുള്ളത് സത്യസന്ധവും ആത്മാര്‍ത്ഥവുമായ പ്രണയമാണെന്ന് അവര്‍ വിശ്വസിക്കും. മണി മണിപോലുള്ള പെണ്‍പിള്ളേരെ വേണ്ടെന്നു വച്ച് അവരെ പ്രണയിക്കുന്നതിന്‍റെ നന്ദിയും കടപ്പാടും അവര്‍ക്ക് എന്നും നമ്മളോടുണ്ടായിരിക്കും.

9. പരിയമുള്ള സ്ത്രീകളെ വളയ്‍ക്കാനും തിരിക്കാനും നില്‍ക്കാതെ മുഖത്തു നോക്കി ക്യാന്‍ ഐ ഹാവ് സെക്സ് വിത്ത് യു എന്നു ചോദിക്കുന്നത് അപാരമായ ബോള്‍ഡ്നെസ്സ് ആണെന്നു ഞാന്‍ വിശ്വസിക്കുന്നു. ആ സ്ത്രീ അങ്ങനൊരു കാര്യം ആലോചിച്ചിച്ചു പോലുമില്ലെങ്കിലും ബോള്‍ഡായും സ്ട്രെയ്റ്റായുമുള്ള എന്‍റെ ചോദ്യത്തില്‍ ആകൃഷ്ടയായി അവള്‍ അത് സമ്മതിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.