പ്രിയപ്പെട്ട മറിയാമ്മയ്‍ക്ക്,
കോയമ്പത്തൂര്‍ക്ക് പോവ്വാണെന്നു പറഞ്ഞ് വീടിനു തൊട്ടടുത്ത ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുന്ന തളത്തില്‍ ദിനേശനെപ്പോലെയാണ് നീ. നേരേ ചൊവ്വേ ഒന്നു കാണാനോ മിണ്ടാനോ തൊടാനോ യാതൊരു സാധ്യതയുമില്ലാതെ മനംമടുത്ത് എല്ലാ ബന്ധവും അവസാനിപ്പിച്ച് ടാറ്റാ പറഞ്ഞ്, കൈമാറിയ പ്രേമലേഖനങ്ങളും സമ്മാനങ്ങളും തിരികെ നല്‍കി, ജീവിതപാതയില്‍ എന്നെങ്കിലും എവിടെയെങ്കിലും വച്ചു കണ്ടുമുട്ടുമ്പോള്‍ ഹായ് പറയാം എന്നു പറഞ്ഞു പിരിഞ്ഞതില്‍ പിന്നെ എല്ലാ ദിവസവും നീയെന്‍റെ മുന്നിലൂടെ തേരാപാരാ നടക്കുന്നു.
നമ്മള്‍ പിരിയുന്നതു വരെ പേ ചാനല്‍ പോലെ വിശിഷ്ടമായിരുന്ന നീ അതിന്‍റെ പിറ്റേന്നു മുതല്‍ ഭൂതലസംപ്രേഷണം ആരംഭിച്ചിരിക്കുന്നു. എന്നോടു തന്നെ മിണ്ടാന്‍ ഏറെ പണിപ്പെട്ടിരുന്ന നീ ഇപ്പോള്‍ ഞാനൊഴികെ എല്ലാവരോടും മിണ്ടിത്തകര്‍ക്കുന്നു. മറിയാമ്മേ, എന്താണിതിന്‍റെയൊക്കെ അര്‍ഥം ?
നമ്മള്‍ തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. അത് നാളെയോ മറ്റന്നാളോ അവസാനിക്കില്ലെന്നും നമുക്കുറപ്പായിരുന്നു. എന്നിട്ടും തീര്‍ത്തും അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തില്‍ അതവസാനിപ്പിച്ചു. നയതന്ത്രത്തില്‍ നീ ജയിച്ചു. കാലമെത്ര കഴിഞ്ഞാലും നമ്മുടെ പ്രണയത്തിന്‍റെ കൊച്ചുപുസ്തകമെടുത്തു പരിശോധിച്ചാല്‍ എല്ലാറ്റിനും കാരണം ഞാനാണെന്നടിവരയിടുന്ന സംഭവങ്ങളില്‍ മുറുകെ പിടിച്ച് ഞാനിട്ടുപോയ ഒരു കോമയെ നീ ഫുള്‍സ്റ്റോപ്പാക്കി മാറ്റി.
മുമ്പ് പലവട്ടം ഞാന്‍ പെര്‍മനെന്‍റ് മാര്‍ക്കര്‍ കൊണ്ടടയാളപ്പെടുത്തിയ ഫുള്‍സ്റ്റോപ്പുകള്‍ കോമകളാക്കി മാറ്റി എന്നെ ചന്തുവിനെയെന്നപോലെ തോല്‍പിച്ചുകളഞ്ഞവളാണ് നീ. അവസരോചിതമായി നീയൊരു ഫെമിനിസ്റ്റിനെപ്പോലെ, സ്ത്രീപക്ഷബുദ്ധിജീവിയെപ്പോലെ സ്ത്രീയുടെ അഭിമാനവും ബൗദ്ധികവും വൈകാരികവുമായ സ്വാതന്ത്ര്യവും പ്രഘോഷിച്ച് എന്നെ പുറംകാല്‍കൊണ്ട് തൊഴിച്ചെറിഞ്ഞു. എന്നിട്ടും ഭീരുവായ കാമുകന്‍റെ മനോവൈകല്യങ്ങളാല്‍ പീഡനമനുഭവിച്ചവളെന്ന മട്ടില്‍ നീ എന്നോടു കര്‍ക്കശമായി കാരുണ്യം പ്രകടമാക്കുന്നു. വല്ലപ്പോഴും കാണുമ്പോള്‍ തിരസ്കരിക്കപ്പെട്ടവളുടെ വേദന തിങ്ങുന്ന നോട്ടങ്ങള്‍ കൊണ്ടെന്നെ കുത്തിക്കൊല്ലുന്നു.
ഞാന്‍ എന്തു പുതിയ തെറ്റാണ് നിന്നോടു ചെയ്തത് ? നിന്‍റെ അഭിമാനം വ്രണപ്പെടുത്തി എന്നത് നമ്മള്‍ പരിചയപ്പെട്ട കാലം മുതല്‍ക്കേ ഞാന്‍ ചെയ്തിട്ടുള്ള കാര്യമാണ്. അത്തരത്തില്‍ വ്രണിതമാകുന്ന ഒരഭിമാനസ്തംഭം നമുക്കിടയില്‍ നീ സ്ഥാപിച്ചത് ഞാനറിഞ്ഞേയില്ല. എന്‍റെ എല്ലാ കോംപ്ലക്സുകളും പാര്‍ക്കിങ് ഏരിയകളും വ്യക്തമായി അറിയാവുന്ന നീ ബിഷപ് ഹൗസ് കണ്ട സിപിഎമ്മുകാരനെപ്പോലെ താത്വികമായി മാത്രം എന്നെ വിലയിരുത്തിയതില്‍ എനിക്കു വേദനയുണ്ട്. എല്ലാം അവസാനിപ്പിക്കാനായിരുന്നെങ്കില്‍ ഇതിനെക്കാള്‍ മനോഹരമായ അനേകം അനേകം സുവര്‍ണാവസരങ്ങള്‍ എനിക്കും നിനക്കുമുണ്ടായിരുന്നു. നിന്നെ പ്രേമിച്ചതിന്‍റെ പേരില്‍ തല്ലുകൊള്ളുമെന്നുറപ്പായപ്പൊഴോ, കടപൂട്ടി നിന്‍റെ പിന്നാലെ മാത്രം നടന്നു കച്ചവടം പൊളിച്ചപ്പൊഴോ എനിക്കു വേണമെങ്കില്‍ എല്ലാം നിര്‍ത്താമായിരുന്നു.
നീ എന്നെയും കൊണ്ടേ പോകൂ എന്നെനിക്കു തോന്നിയപ്പോഴൊക്കെ ഞാനകലാന്‍ ശ്രമിച്ചിട്ടുണ്ട്. അത് കൃത്യമായി മനസ്സിലാക്കി നീയെന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ട്- ഞാന്‍ നിന്നേം കൊണ്ടേ പോകൂ, എന്ന്. പ്രണയം ഇത്രയും സ്ട്രോങ്ങായി എന്‍റെ ജീവിതത്തില്‍ മറ്റാരും വിളമ്പിയിട്ടില്ല. പ്രണയം കൊണ്ടെന്നെ വഷളാക്കി ഒടുവില്‍ ഒറ്റക്കാക്കിയിട്ട് നീയിപ്പോള്‍ കണ്ട അണ്ടനും അടകോടനുമായി ഫ്രണ്ട്‍ഷിപ്പു കളിക്കുമ്പോള്‍ എല്ലാറ്റിനേം ചുട്ടുകരിക്കാനാണ് എനിക്കു തോന്നുന്നത്. നിനക്കു വേണ്ടി എന്‍റെ സകല ഫ്രണ്ട്സിനേം വെറുപ്പിച്ച ഞാനിപ്പോള്‍ ആരായി ?
നീയെന്‍റെ ആരുമല്ലെന്നു സമാധാനിച്ച് നീ പോകുന്ന ഇടവഴിയിലേക്കു തുറക്കുന്ന വാതിലും ജനലുകളും മുറുകെയടച്ച് തനിച്ചിരിക്കുകയാണ് ഞാന്‍. എങ്കിലും നീ കടന്നു പോകുന്ന സമയത്ത് പടപടാ മിടിക്കുന്ന ഹൃദയത്തോടെ വാതില്‍പ്പഴുതിലൂടെ നിന്നെ നോക്കാതിരിക്കാനെനിക്കാവുന്നില്ല. ആ ഇടവഴി ഇടിച്ചു നിരത്തണോ, ഈ വാതിലും ജനലും പൊളിച്ച് ഭിത്തി പണിയണോ ?
നിനക്കു നിന്‍റെ വീട്ടുകാര്‍ കല്യാണമാലോചിക്കുന്നത് ഞാനറിഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ നീയൊരുത്തനെ കെട്ടി കടല്‍ കടക്കും. അപ്പോള്‍ നാട്ടിലെ വായില്‍നോക്കികളെപ്പറ്റി കോമഡി പറയുമ്പോള്‍ അവരിലൊരാളായി നീയെന്നെയും ഉള്‍പ്പെടുത്തരുത്. നീ എനിക്കു പണിയാകുമോ എന്നു ഞാന്‍ ഭയപ്പെട്ട കാലത്ത് വീട്ടുകാര്‍ നിന്നെ പിടിച്ചു വല്ലവനേം കൊണ്ട് കെട്ടിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിച്ചിട്ടുണ്ട്. ഇപ്പോള്‍ നിന്നെ മറ്റൊരുത്തന്‍ കെട്ടുന്നതെനിക്കു സങ്കല്‍പിക്കാന്‍ പറ്റുന്നില്ല. നീയല്ലാതെ വേറൊരുത്തിയെ കെട്ടുന്നത് എനിക്കാലോചിക്കാന്‍ പോലും പറ്റുന്നില്ല.
എത്ര ബുദ്ധിജീവിയായാലും, എത്ര ഘടാഘടിയന്‍മാരായ ഫ്രണ്ട്സിനെ ഉണ്ടാക്കിയാലും നീ എന്‍റേതു മാത്രമാണ്. എനിക്കൊരുപാടു പെണ്ണുങ്ങളുമായി അടുപ്പമുണ്ടെന്നോ മറ്റോ നീ ചിലരോട് പറഞ്ഞതായി ഞാനറിഞ്ഞു. വിക്കിപ്പീഡിയ പോലെ തുറന്നു കിടക്കുന്ന എന്‍റെ ജീവിതത്തെപ്പറ്റി നീ അങ്ങനെ പറഞ്ഞതും മറ്റേ നയതന്ത്രത്തിന്‍റെ ഭാഗമായിട്ടായിരിക്കും. എന്തായാലും നീ എന്നെ തകര്‍ത്തു. നിനക്കെന്നെ തകര്‍ക്കാനുള്ള അവസരങ്ങള്‍ ഞാന്‍ തന്നെയാണ് തന്നത്. ഇപ്പോള്‍ നീ കൂളായിട്ടിരുന്നാലും ഒരിക്കല്‍ നീയെന്നെ തേടി വരാതിരിക്കില്ല എന്നെനിക്കുറപ്പാണ്. കല്യാണം കഴിഞ്ഞ് കുറെക്കാലം കഴിഞ്ഞ് നമ്മള്‍ അവിഹിതബന്ധം തുടങ്ങുന്നതിനെക്കാള്‍ നല്ലതല്ലേ കല്യാണത്തിനു മുമ്പു തന്നെ അതു തുടങ്ങുന്നത്.
ഇടവഴിയിലെ ഇളകിയ കല്ലിനു കീഴെ നിന്നു നീയി കത്തു കണ്ടെടുക്കുമെന്നു തന്നെയാണെന്‍റെ പ്രതീക്ഷ. നിന്‍റെ നയതന്ത്രത്തിലുറച്ചു നില്‍ക്കാനാണു ഭാവമെങ്കില്‍ നീയിതു കണ്ടതായി ഭാവിക്കില്ലെന്നെനിക്കറിയാം. വല്ല മനസ്സലിവുമുണ്ടെങ്കില്‍ കത്തു വായിച്ച് നീ ഇടവഴികടന്നു പോകില്ല. നിന്‍റെ വെള്ളിക്കൊലുസ് എന്‍റെ വാതിലിന്നരികില്‍ വന്നു നില്‍ക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു. തുടുത്ത കവിളുകളോടെ, വിയര്‍ത്ത നെറ്റിയോടെ, ചുണ്ടില്‍ ഉച്ചയ്‍ക്കു കടിച്ച ചെമ്പരത്തിയുടെ തേന്‍മധുരത്തോടെ, തണുത്ത വിരലുകള്‍ കൊണ്ടെന്‍റെ വാതിലില്‍ നീ മുട്ടുമ്പോള്‍ ധൃതരാഷ്ട്രാലിംഗനം കൊണ്ടു നിന്നെ പുളകിതയാക്കാന്‍ എനിക്കു പുഷ് അപ്പുകള്‍ ചെയ്യാന്‍ നേരമായി.
PS:- മുറ്റത്ത് ബ്രാ ഉണങ്ങാനിട്ടിരിക്കുന്നതു കണ്ടാല്‍ അമ്മച്ചി പഞ്ചായത്തു കഴിഞ്ഞു വന്നു എന്നു മനസ്സിലാക്കിക്കോണം. അങ്ങനെയാണെങ്കില്‍ നാളെ വന്നാല്‍ മതി.
സ്വപ്നങ്ങളുടെ സിക്സ് പായ്‍ക്കുമായി,
നിന്‍റേതു മാത്രമായ
വക്കച്ചന്‍.

No comments:
Post a Comment