Apply to be a Chitika Publisher!

Friday, 2 November 2012

ട്രെയിനില്‍ സ്ത്രീകളെ നിരോധിക്കുക

ട്രെയിനില്‍ സ്ത്രീകളെ നിരോധിക്കുകട്രെയിനിലെ സ്ത്രീകളുടെ സുരക്ഷയും റയില്‍വേയുടെ സല്‍പ്പേരും മുന്‍നിര്‍ത്തി
റയില്‍വേ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയുകയും ട്രെയിനില്‍ സ്തീകളെ നിരോധിക്കുകയും ചെയ്യണമെന്ന് റയില്‍വേ അധികൃതരോട് വളരെ വിനീതമായി അപേക്ഷിക്കുന്നു. ട്രെയിന്‍ ആണുങ്ങള്‍ സഞ്ചരിക്കുന്ന വാഹനമാണ്. ആണുങ്ങളാകുമ്പോള്‍ ചിലപ്പോള്‍ മദ്യപിച്ചെന്നും പെണ്ണുങ്ങളെ തോണ്ടിയെന്നും പറ്റിയാല്‍ റേപ് ചെയ്തെന്നുമൊക്കെയിരിക്കും. എന്നാല്‍ ഈ സത്യം അംഗീകരിക്കാത്ത സ്ത്രീകള്‍, നോക്കി,തോണ്ടി,പിച്ചി,മാന്തി എന്നൊക്കെ പറഞ്ഞ് അനാവശ്യമായി വിവാദമുണ്ടാക്കി റയില്‍വേയ്‍ക്ക് ചീത്തപ്പേരുണ്ടാക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി സ്ത്രീകള‍്‍ക്ക് ട്രെയിനില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി പ്രശ്നം പരിഹരിക്കണം.

ഇപ്പോള്‍ കുറെയായി ടിടിഇമാര്‍ യാത്രക്കാരികളെ കയറിപ്പിടിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഇത് സത്യത്തില്‍ വളച്ചൊടിക്കപ്പെട്ട വാര്‍ത്തകളാണ്. ഇതിനു പിന്നില്‍ സ്വകാര്യബസ് ലോബികളും ടാക്‍സി മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിന്‍ സ്ത്രീകള്‍ക്ക് പറ്റിയ വാഹനമല്ല എന്നു സ്ഥാപിച്ച് സ്ത്രീ യാത്രക്കാരെ സ്വന്തമാക്കുന്നതിനു വേണ്ടി ബസുകാരും ടാക്‍സിക്കാരും മനപൂര്‍വം കളിക്കുന്നതാവാനേ സാധ്യതയുള്ളൂ. മെട്രോ റയില്‍, മോണോ റയില്‍ തുടങ്ങിയവ വരുമ്പോഴേക്ക് സാധാരണ ട്രെയിനുകളില്‍ നിന്നും സ്ത്രീകളെ പുറത്ത് ചാടിച്ച് മെട്രോ-മോണോ റയിലുകളില്‍ കയറ്റുക എന്ന ലക്ഷ്യവുമുണ്ടാകാം. അങ്ങനെയെങ്കില്‍ ഈ വിവാദങ്ങള്‍ക്കു പിന്നില്‍ ഇ.ശ്രീധരന്റെ വരെ ഗൂഢാലോചന നടന്നിട്ടുണ്ടാവാം.

ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ ശൃംഖലയാണ് ഇന്ത്യന്‍ റയില്‍വേ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ സല്‍പ്പേര് തകര്‍ക്കുന്നതിനും അതുവഴി റയില്‍വേയെ തളര്‍ത്തുന്നതിനും വേണ്ടി അമേരിക്ക പണം നല്‍കുന്ന ആളുകള്‍ മനപൂര്‍വം ട്രെയിനില്‍ സ്ത്രീകളെ കയറിപ്പിടിക്കുന്നതാണെന്ന സൂചനയുമുണ്ട്. അതോ അമേരിക്കയുടെ കയ്യില്‍ നിന്നു പണം വാങ്ങിയ സ്ത്രീകള്‍ ടിടിഇമാരെ അങ്ങോട്ടു കയറിപ്പിടിച്ചതാണോ എന്നും പരിശോധിക്കണം.

അല്ലെങ്കിലും, ട്രെയിന്‍, കുതിര എന്നിവ വളരെ സെക്സി ആയിട്ടുള്ള വാഹനങ്ങളാണ്. ഈ വാഹനങ്ങളുടെ കുതിപ്പും പ്രത്യേകതരത്തിലുള്ള ചലനവും വേറെ ചില പരിപാടികളെ അനുസ്മരിപ്പിക്കുന്നു എന്നതിനാല്‍ ഈ രണ്ടു വാഹനങ്ങളിലും സഞ്ചരിക്കുന്ന പുരുഷന്മാര്‍ക്ക് ഹോര്‍മോണ്‍ ഉല്‍പാദനം കൂടാന്‍ സാധ്യതയുണ്ട്. ഈ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ അവരെ കൂടുതല്‍ കര്‍മനിരതരാക്കും. ഹോര്‍മോണിന് അങ്ങനെ ഭിക്ഷക്കാരനെന്നോ ടിടിഇ എന്നോ വേര്‍തിരിവില്ല. അതുകൊണ്ട് ട്രെയിനില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിക്കേണ്ടി വരുന്ന പുരുഷന്മാരെ കുറ്റക്കാരായി കാണാതെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ട്രെയിനില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുകയാണ് വേണ്ടത്.

റയില്‍വേ പ്ലാറ്റ്ഫോമിലെ സ്വതന്ത്ര്യ കാറ്ററിങ്ങുകാരെ നേരത്തെ റയില്‍വേ നിരോധിച്ചിരുന്നു. അവര്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്റെയും വിറ്റമിന്‍ ഇയുടെയും അളവ് കൂടുതലായതുകൊണ്ട് യാത്രയ്‍ക്കിടയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നു ഞാന്‍ നേരത്തേ സൂചിപ്പതുമാണ്. അതു കഴിഞ്ഞാണ് അടുത്തിടെ ട്രെയിനില്‍ മദ്യപിച്ചു കയറുന്നത് നിരോധിച്ചത്. മദ്യം എല്ലാത്തരം അധമവികാരങ്ങളെയും ഉണര്‍ത്തുകയും തദ്വാരാ സ്ത്രീകളെ ആക്രമിക്കാന്‍ ഏതൊരു പുരുഷനെയും തോന്നിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ടിടിഇമാരാണ്. നാളെ റയില്‍വേ മന്ത്രി തന്നെ പ്രതിയായെന്നു വന്നേക്കാം. അതിനൊക്കെ മുന്‍പ് റയില്‍വേ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചുകൊണ്ട് എല്ലാ റയില്‍വേ സ്റ്റേഷനു മുന്നിലും അഞ്ഞൂറാന്റെ വീടിന്റെ ഗേറ്റിലെപ്പോലെ ഓരോ ബോര്‍ഡ് സ്ഥാപിച്ചുകൊണ്ട് റയില്‍േയുടെ അന്തസ്സും സ്ത്രീകളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിക്കുന്നു.

No comments:

Post a Comment