കേരളത്തില്‍ ഇത്രയും ആരാധകരുള്ള നിലയ്‍ക്ക് ഇവിടെ വന്നു കളയാം എന്നു കരുതി സ്വന്തം നിലയ്‍ക്ക് മറഡോണ ഇവിടേക്കു വന്നതാണ് എന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്.മറഡോണ കേരളത്തില്‍ വന്ന തക്കം നോക്കി ആ ബോബി ചെമ്മണൂര്‍ എന്തൊക്കെയോ ഉദ്ഘാടനങ്ങള്‍ നടത്തുകയാണെന്നതാണ് അതിന്‍റെ ഉപവിശ്വാസം. മറഡോണയെ കാത്തിരിക്കുന്ന സ്റ്റേഡിയത്തില്‍ ചെഗുവേരയുടെ ചിത്രമുള്ള ഡിവൈഎഫ്ഐ പതാകയുമേന്തി നില്‍ക്കുന്ന ചെറുപ്പക്കാര്‍ വേറെ.മാര്‍ക്കറ്റിങ് എന്നൊക്കെ പറയുന്നത് നമ്മള്‍ രാഷ്ട്രീയക്കാരില്‍ നിന്നും പഠിക്കണം.ചെഗുവേരയും മറഡോണയും തമ്മിലുള്ള ബന്ധമാണ് അവിടെ പ്രതിഫലിക്കുന്നത്.എന്നാല്‍, മറഡോണയെ പണം കൊടുത്തു കൊണ്ടുവന്നത്
ഒരു കുത്തക മുതലാളിയായ ബോബി ചെമ്മണൂരും.കുത്തകകള്‍ക്കെതിരായ പോരാട്ടമാണല്ലോ നമ്മുടെ ജീവിതലക്‍ഷ്യം തന്നെ.
മാധ്യമങ്ങളൊക്കെയും എന്തിനാണ് മറഡോണ വന്നത്, ആരാണ് മറഡോണയെ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങള്‍ വിട്ടുകളയുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല. ബോബി ചെമ്മണൂരിന്‍റെ ഗള്‍ഫിലെ ഒരു ഷോറൂം ഏതാനും മാസം മുമ്പ് മറഡോണ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. അതേ മറഡോണ കേരളത്തില്‍ വന്ന് ബോബി ചെമണൂര്‍ ജൂവലറിയുടെ കണ്ണൂര്‍ ശാഖയും ഹെലികോപ്‍റ്റര്‍ സര്‍വീസും ഗോള്‍ഡ് ലോണിന്‍റെ 101 ആം ശാഖയും ഉദ്ഘാടനം ചെയ്യുന്നു. ബോബി ചെമ്മണൂര്‍ പണം മുടക്കിയാണ് മറഡോണയെ കൊണ്ടുവരുന്നത് എന്നത് വ്യക്തം. പക്ഷെ, അതു പറയാന്‍ നാണക്കേട്. ബോബി ചെമ്മണൂരിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, കാരണം അയാള്‍ പണക്കാരനാണ്. മറഡോണയെ ഞാന്‍ ഇഷ്ടപ്പെടുന്നു, കാരണം അയാള്‍ കളിക്കാരനാണ് എന്നതാണ് ഇതിന്‍റെയൊരു സന്ദേശം.
ഇനി ബോബി ചെമ്മണൂരിന്‍റെ കാര്യം. ഒരു കോടീശ്വരനും മഹാത്മാവിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വവ്യക്തിത്വമാണ് അദ്ദേഹം. പാവങ്ങളെ സഹായിക്കുകയും ലക്ഷക്കണക്കിനു രൂപ ചെലവിട്ട് അതിന്‍റെ പരസ്യം നല്‍കുകയും ചെയ്യുന്നതാണ് അദ്ദേഹത്തെപ്പറ്റി ആലോചിക്കുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കു വരുന്നത്.മലബാറില്‍ വ്യാപകമായി ബോബി ചെമ്മണൂരിനെ പാവങ്ങളുടെ രക്ഷകനായി, മനുഷ്യകുലത്തിന്‍റെ പുതുവെളിച്ചമായി പ്രഖ്യാപിക്കുന്ന പടുകൂറ്റന്‍ ഫ്ലെക്‍സുകളുണ്ട്. പ്രത്യേക തരത്തിലുള്ള, ലാളിത്യത്തിന്‍റെ പ്രതീകമായ വെള്ള വസ്ത്രം ധരിച്ചാണ് ലക്ഷങ്ങള്‍ മുടക്കുള്ള ഈ പരസ്യങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. പരസ്യം നല്‍കുന്നത് ബോബി ചെമ്മണൂരിന്‍റെ അഭ്യുദയകാംക്ഷികളാണ് എന്നു വാദിക്കാമെങ്കിലും, ഇത്രയൊക്കെ ജീവകാരുണ്യമുള്ള ബോബി ചെമ്മണൂര്‍ ഇങ്ങനെ ധൂര്‍ത്തന്‍മാരായ തന്‍റെ അഭ്യുദയകാംക്ഷികളെക്കൂടി ജീവകാരുണ്യത്തിലേക്ക് കൈപിടിച്ചു നടത്തുന്നതും വലിയൊരു ജീവകാരുണ്യമായിരിക്കുമെന്നതില്‍ സംശയമില്ല.
എന്തായാലും, മറഡോണയെ മലയാള മണ്ണിലെത്തിച്ച ബോബി ചെമ്മണൂരിന് പ്രത്യേകം നന്ദി പറയുന്നു. അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരിട്ടു കാണുക എന്നത് വലിയ സ്വപ്നമായി കൊണ്ടുനടന്നിരുന്ന പതിനായിരക്കണക്കിനാളുകളുടെ സ്വപ്നമാണ് ബോബിച്ചായന്‍ നിറവേറ്റുന്നത്.അത് തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. അതോടൊപ്പം ഇന്നുദ്ഘാടനം ചെയ്യപ്പെടുന്ന ബോബി ചെമ്മണൂരിന്‍റെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ജീവകാരുണ്യ-സാമൂഹികസേവന പദ്ധതികള്‍ക്കും വിജയാശംസകള്‍ നേരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കുന്ന പണംകൂടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കണമെന്ന എളിയ അപേക്ഷയോടെ അവസാനിപ്പിക്കുന്നു.

No comments:
Post a Comment