അമ്മയുടെ സ്ഥാപനത്തിനെതിരെ ഒരു വാക്കുരിയാടാന്‍ യോഗ്യതയില്ലാത്ത നഴ്‍സിങ് പുഴുക്കള് ജീവകാരുണ്യത്തിന് ലഭിച്ച ദൈവികമായ അവസരത്തെ ലാഭേച്ഛയോടെ കാണുകയും അതില്‍ത്തന്നെ കൊള്ളലാഭം പ്രതീക്ഷിച്ച് സംഘടന രൂപീകരിക്കുകയും ചെയ്തത് നീചവും പൈശാചികവും പ്രകൃതിവിരുദ്ധവുമാണ്.അത്തരക്കാരെ കൊട്ടാരക്കരയിലെ അധ്യാപകനെ ദൈവം ശിക്ഷിച്ചതുപോലെ ശിക്ഷിക്കണം എന്നതില്‍ സംശയമില്ല. എന്നാല്‍,സ്നേഹം, ക്ഷമ,സഹനം തുടങ്ങിയ സദ്ഗുണങ്ങളാല്‍ പരിപോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന് വെറുപ്പോ പ്രതികാരമോ സങ്കല്‍പിക്കാനോ അക്രമം നടപ്പില്‍ വരുത്താനോ കഴിയില്ല. ആയതിനാല്‍ ആശുപത്രിയില്‍ ധര്‍മപുനസ്ഥാനത്തിനായി ഊശ്വരന്‍ തന്നെ അവതരിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നു. അല്ലെങ്കില്‍ നഴ്‍സിങ് പുഴുക്കള്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടില്ല.
ഈശ്വരന്‍ യൂണിയനില്ല.ഈശ്വരാധീനത്തിനു നോക്കുകൂലിയുമില്ല. പിന്നെന്തിനാണ് നഴ്‍സുമാര്‍ അമൃതയില്‍ യൂണിയനുണ്ടാക്കിയത് ? യൂണിയനാണ് എല്ലാ തിന്മകള്‍ക്കും അടിസ്ഥാനം. മക്കള്‍ക്കെല്ലാം നിര്‍വൃതി ഉണ്ടാകണമെങ്കില്‍ യൂണിയന്‍ വെടിഞ്ഞ് ആതുരസേവനത്തില്‍ വിലയം പ്രാപിക്കണം. അതൊരു അനുഭൂതിയായി കാണണം. അല്ലാതെ മാസാമാസം കിട്ടുന്ന ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുന്നത് കൊടിയ പാപമാണ്, വഞ്ചനയാണ്, ദൈവനിഷേധമാണ്. എങ്ങനെ നഴ്‍സുമാരുടെ വേഷത്തില്‍ ധനമോഹികളായ നികൃഷ്ടജീവികള്‍ അമൃതയില്‍ കടന്നുകൂടി? എങ്ങനെ ആ പുണ്യസ്ഥാപനത്തില്‍ മുദ്രാവാക്യം വിളികളുയര്‍ത്താന്‍ അവറ്റകളുടെ നാവു പൊന്തി ? കലികാലവൈഭവം എന്നു പറഞ്ഞാല്‍ അതിത്തിരി കുറഞ്ഞുപോയെങ്കിലേയുള്ളൂ.
യൂണിയന്‍ പാപമാണ് എന്നതിനാല്‍ ആ പാപം ചെയ്തുകൊണ്ട് യൂണിയന്‍ ഭാരവാഹികളായ പാപികളെ പിരിച്ചുവിട്ടതിനെപ്പറ്റി ചോദിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയ നേതാക്കളുടെ മേലാണ് അദ്യത്തെ അദ്ഭുതം സംഭവിച്ചത്. ദുഷ്ചിന്തയോടെ പടികള്‍ കയറുമ്പോള്‍ ഏതോ അദൃശ്യശക്തി അവരെ അടിച്ചുവീഴ്‍ത്തി കൈകളും കാലുകളും ഒടിച്ച് പല പീസുകളാക്കുകയും തല തല്ലിപ്പൊട്ടിക്കുകയും ചെയ്തു (ഒരു പാപിയയുടെ തലയില്‍ 36 സ്റ്റിച്ചുകളാണ് വേണ്ടി വന്നത്.മറ്റൊരു മഹാപാപിയുടെ മുട്ടുചിരട്ട നാലായി തകര്‍ന്നിരിക്കുന്നു. പാപി ഇനി എണീറ്റുനടന്നാല്‍ പറയാം നടന്നെന്ന്). എന്തായാലും ഇത്തരത്തില്‍ പരുക്കേറ്റ് നിലംപരിശായി കിടന്ന അവരെ, അവര്‍ പാപികളാണെന്നത് മറന്നുകൊണ്ട് കാഷ്വാലിറ്റിയില്‍ കൊണ്ടുപോയി ശുശ്രൂഷിച്ചു എന്നത് യുക്തിവാദികളുടെ പോലും കണ്ണുകള്‍ ഈറനണിയിക്കുന്ന സംഗതിയാണ്.
ആതുരേസവനത്തിന്റെ വഴിയല്‍ നിന്ന് പാപത്തിന്റെ സമരപാതയിലേക്കു കടന്ന ആശുപത്രിയിലെ നഴ്‍സുമാര്‍ അന്നു തുടങ്ങിയതാണ് സമരം.ഇന്നലെ വീണ്ടും സമരസന്ദേശവുമായി ആശുപത്രിക്കുള്ളില്‍ കടന്ന മറ്റൊരു നഴ്‍സിങ് യൂണിയന്‍ നേതാവിനെയും സമാനമായ രീതിയില്‍ ആശുപത്രിക്കുള്ളില്‍ പരുക്കേറ്റ നിലയില്‍ കണ്ടിരിക്കുന്നു. രാവിലെ ഒന്‍പതു മുതല്‍ നരകപീഡനത്തിന് ഇരയായ പാപിയെ എംഎല്‍എയും മറ്റും വന്ന് അന്വേഷിച്ചപ്പോള്‍ ആശുപത്രിക്കുള്ളില്‍ എവിടെ നിന്നോ പൂട്ടിയിട്ട നിലയില്‍ കണ്ടെടുക്കുകയായിരുന്നത്രേ. ആരെയും കടുംഭക്തരാക്കുന്ന ലീലാവിലാസങ്ങള്‍. ഈശ്വരന്‍ അടുത്ത കാലത്തൊന്നും ഇത്ര ശക്തമായി സോഷ്യല്‍ ലൈഫില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നു തോന്നുന്നു. ഒരു പുണ്യസ്ഥാപനത്തെ ഇവ്വിധം അപകീര്‍ത്തിപ്പെടുത്താന്‍ ആരോ നഴ്‍സുമാര്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. എന്തായാലും അവറ്റകള്‍ക്ക് കണക്കിനു കിട്ടുന്നുണ്ട് എന്നതു മാത്രമാണ് ഒരു ആശ്വാസം.
ആരുമില്ലാത്തവര്‍ക്ക് കോടതിയുണ്ട് എന്ന വിശ്വാസം അടിവരയിട്ടുകൊണ്ട് ഈ വിഷയത്തിലും കോടതി ഇടപെടലുണ്ടായിരിക്കുന്നതാണ് ആകെയുള്ള രണ്ടാമത്തെ ആശ്വാസം.മഹാപാപികളായ നഴ്‍സുമാരുടെ സമരം കൊണ്ട് ആശുപത്രിക്ക് ഒരു ബുദ്ധിമുണ്ടാവാതിരിക്കാന്‍ പൊലീസ് സംരക്ഷണത്തിന് ഉത്തരവു നല്‍കിയിരിക്കുകയണ് കോടതി.എന്നാല്‍ നഴ്‍സിങ് പുഴുക്കളെ അവിടെ നിന്നു നീക്കം ചെയ്‍ത് ആശുപത്രിയുടെ പരിപാവനമായ അന്തരീക്ഷം പുനസ്ഥാപിക്കാന്‍ കോടതി ഇടപെട്ടില്ല എന്നത് എന്നെപപ്പോലുള്ളവരെ കുറച്ച് നിരാശപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്കു നേരേ ഒരു വണ്ടി പാഞ്ഞുകയറിയിരുന്നു എന്നത് അടുത്ത അദ്ഭുതത്തിന്റെ സൂചനയാണ്.
ഇതിനിടെ ഡിവഐഎഫ്ഐ എന്നൊരു സംഘടന പാപികള്‍ക്ക് പിന്തുണയുമായി ആ പുണ്യസ്ഥാപനത്തിന്റെ പടികള്‍ കടന്നു എന്നത് ഞെട്ടിക്കുന്നതാണ്. ആശുപത്രിയ്ക്ക് മുന്നില്‍ സമരം ചെയ്യുന്ന നഴ്‌സുമാരെ സന്ദര്‍ശിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതിരിക്കുകയാണ്. മറ്റ് രാഷ്ട്രീയസംഘടനകളും മാധ്യമങ്ങളും നഴ്‍സിങ് പുഴുക്കള്‍ ചെയ്തത് തെറ്റാണെന്നും അവറ്റകള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള നിശബ്ദനിലപാടെടുക്കുമ്പോള്‍ ഇത്തരത്തില്‍ തലതിരിഞ്ഞ ഇടപെടല്‍ നടത്തുന്ന ഡിവൈഎഫ്ഐ എന്ന തീവ്രവാദസംഘടനയെ നിരോധിക്കാനും ടി.വി.രാജേഷ് എംഎല്‍എയെ നിയമസഭയില്‍ നിന്നു പുറത്താക്കാനും ഭരണകൂടം തയ്യാറാവണമെന്നാണ് എന്റെ അപേക്ഷ. ഇക്കാര്യത്തില്‍ ഇടപെട്ട നിലയ്‍്ക്ക് പാപത്തിനു കൂട്ടുനിന്നിരിക്കുന്ന എംഎല്‍എയുടെ തലയോട്ടിയാണോ മുട്ടുചിരട്ടയാണോ തകരാന്‍ പോകുന്നത് എന്നത് കണ്ടറിയാം.

No comments:
Post a Comment