കെ.സുധാകരന്‍ കോണ്‍ഗ്രസിന്‍റെ മലബാറിലെ ബ്രാന്‍ഡ് അംബാസിഡറാണെന്നു പറയാം. കണ്ണൂരിലെ സിപിഎമ്മുകാരെ പേടിച്ച് മാളത്തിലൊളിച്ചിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് അദ്ദേഹം ബോള്‍ഡ് ഇറ്റാലിക്സ് നേതാവാണ്. എന്നാല്‍, പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാത്ത പൊതുസമൂഹത്തിന് ഇന്നു വളപട്ടണം (ഇനി അവിടം വെള്ളരിക്കാപ്പട്ടണം എന്നറിയപ്പെടും) പൊലീസ് സ്റ്റേഷനില്‍ നടന്ന പ്രകടനം അത്ര ദഹിച്ചെന്നു വരില്ല. എന്താണ് ധീരനായ എംപി ഉദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല. എന്തായാലും ജനപ്രതിനിധി എന്ന നിലയില്‍ ആരെ വേണമെങ്കിലും പബ്ലിക്കായി വിരട്ടാമെന്നും ഉച്ചത്തില്‍ ആക്രോശിക്കുന്നതിലൂടെ താന്‍ പറയുന്നതെല്ലാം സ്ഥാപിക്കപ്പെടുകയാണെന്നും വിശ്വസിക്കുന്ന അനേകം അനേകം ബലഹീനരില്‍ ഒരാളാണ് അദ്ദേഹമെന്നത് എന്നെ നിരാശനാക്കുന്നു. ക്ഷമയും ഒരു ചെറുപുഞ്ചിരിയും അഹിംസയും കൊണ്ട് ഈ രാജ്യം സ്വന്തമാക്കിയ മഹാത്മജിയുടെ അനുയായിയാണ് ഭീഷണിയും തെറിവിളിയും കൊണ്ട് സ്വയം പരാജയപ്പെടുന്നത്.
സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിച്ചതിന്‍റെ കഥകള്‍ ഏറെ കേട്ടിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധത്തിലൂടെ ആകെ നനഞ്ഞ പാര്‍ട്ടിക്ക് ഇനിയിപ്പോള്‍ പഴയ പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങളുടെ കഥയൊന്നും കേട്ടാല്‍ കുളിരില്ല. അതുപോലെയാണോ നമ്മുടെ കോണ്‍ഗ്രസ് ? മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസുകാരനെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ മറ്റൊരു കുട്ടിനേതാവിനെ കസ്റ്റഡിയിലെടുത്തതിനാണ് കെ.സുധാകരനും സംഘവും പൊലീസ് സ്റ്റേഷനില്‍ ചെന്നതും സുധാകരന്‍ അഴിഞ്ഞാടിയതും. സംഭവത്തിന്‍റെ ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ വിഡിയോകള്‍ താഴെ.
വളപട്ടണം എസ്ഐ ഷിജുവിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കാന്‍ ഞാനാഗ്രഹിക്കുന്നു. സുധാകരന്‍ ആക്രോശിക്കുമ്പോള്‍ ബബ്ബബ്ബ വയ്‍ക്കാതെ, സമാനമായ ശൈലിയില്‍ പ്രതികരിക്കുക എന്ന വിഡ്ഡിത്തത്തിനു മുതിരാതെ ടിയാന്‍റെ മുഖത്തേക്കു തന്നെ നോക്കി നിശബ്ദനായി നിന്നതിന്. അതൊരു നല്ല പ്രതികരണമാണ്. എത്രയും വേഗം അദ്ദേഹം അര്‍ഹിക്കുന്ന സസ്പെന്‍ഷനോ സ്ഥലം മാറ്റമോ ലഭിക്കട്ടെ എന്നാശംസിക്കുന്നു. ആണായി ജീവിക്കുന്നു എന്നതിന്‍റെ അംഗീകാരമായി എസ്ഐ ഷിജു അത് അര്‍ഹിക്കുന്നുണ്ട്.
വിഡിയോയില്‍ കണ്ടതില്‍ സുധാകരന്‍റെ ഏറ്റവും രസകരമായ ഡയലോഗ് അദ്ദേഹം ഏതുതരം രാഷ്ട്രീയപ്രവര്‍ത്തകനാണെന്നതിന്‍റെ കുറ്റസമ്മതം കൂടിയാണെന്നു തോന്നുന്നു. ‘നീയാരെടാ സുരേഷ് ഗോപിയോ’ എന്ന് സുധാകരന്‍ ചോദിക്കുമ്പോള്‍ എസ്ഐ ഷിജു ധീരനായ പൊലീസ് ഉദ്യോഗസ്ഥനും താന്‍ നീചനായ രാഷ്ട്രീയക്കാരനുമാണെന്ന് സുധാകരന്‍ തന്നെ സാക്‍ഷ്യപ്പെടുത്തുകയാണ്. അഭിനയിച്ച പൊലീസ് വേഷങ്ങളിലെല്ലാം സുരേഷ് ഗോപി ധീരനും നീതിമാനും സത്യസന്ധനുമായിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിലേതു മാതിരിയുള്ള സീനുകളില്‍ ആക്രോശിച്ച രാഷ്ട്രീയക്കാര്‍ കൊടുംവില്ലന്‍മാരുമായിരുന്നു. സിനിമയില്‍ കണ്ടതുമാതിരിയുള്ള ഡയലോഗുകള്‍ തിരിച്ചു പറയാന്‍ ഷിജു തയ്യാറായില്ല എന്നു മാത്രം. ഒരു എസ്ഐ എംപിയുടെ ഭീഷണിക്കു മറുപടി പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. എംപിക്കുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ പറയുന്നത് കാതോര്‍ത്താല്‍ അദ്ദേഹത്തിനു കേള്‍ക്കാവുന്നതേയുള്ളൂ.
ആരും സുരേഷ് ഗോപിമാരായി ജനിക്കുന്നില്ല, നാട്ടിലെ രാഷ്ട്രീയക്കാരാണ് അവരെ അങ്ങനെയാക്കുന്നത്. ഇന്നത്തെ സംഭവത്തില്‍ എംപിക്കെതിരെ നടപടി എടുക്കണം എന്നായിരിക്കും നാട്ടിലെ ജനങ്ങളുടെ ആവശ്യം. എന്നാല്‍ സംസ്ഥാന പൊലീസ് സേനയുടെ ആത്മവീര്യം കാത്തുസൂക്ഷിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എസ്ഐ ഷിജുവിനെതിരേ നടപടിയെടുക്കാമെന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണത്രേ സുധാകരനും സംഘവും പ്രതിയെ മോചിപ്പിച്ചു കൊണ്ടുപോയത് (പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും സുധാകരനെതിരേ വളപട്ടണം പൊലസ് കേസെടുത്തിട്ടുണ്ട്). മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിന്‍റെ സമയത്ത് യൂത്ത് ലീഗുകാരെ അറസ്റ്റ് ചെയ്തു എന്ന കൃത്യാന്തരബാഹുല്യത്തിന്‍റെ പേരിലാണ് ഷിജുവിനെ വളപട്ടണത്തേക്ക് സ്ഥലംമാറ്റിയത്. ചെറുപ്പക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം ഇങ്ങനെയാണ് ആളിക്കത്തിക്കേണ്ടത്.
ഒരു സംശയം: കേന്ദ്രമന്ത്രിയുടെ ഭാര്യയെ കയറിപ്പിടിച്ച കോണ്‍ഗ്രസുകാരനെ അറസ്റ്റ് ചെയ്താലും എംപി പോയി ഇറക്കുമോ ?

No comments:
Post a Comment